< Back
Kerala
കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ അറസ്റ്റിൽ
Kerala

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ അറസ്റ്റിൽ

Web Desk
|
30 Oct 2023 6:45 PM IST

കഴിഞ്ഞ ദിവസമാണ് ഡൊമിനിക് മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഡൊമിനിക് മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതിന് പിന്നാലെ ഇയാൾ ചില തെളിവുകളടക്കം പൊലീസിന് നൽകുകയും ചെയ്തിരുന്നു.

മാർട്ടിന്റെ കീഴടങ്ങലിന് ശേഷം ഇയാളുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിന്റെ ഭാഗമായി ഇയാൾ പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിലും സ്‌ഫോടക വസ്തുക്കൾ വാങ്ങിയ കടകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇത്തരത്തിൽ പരമാവധി തെളിവുകൾ ശേഖരിച്ചതിന് ശേഷമാണിപ്പോൾ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനുള്ള സാധ്യതയുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ടെങ്കിലും തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. സ്‌ഫോടനം നടന്ന ഹാളിലും ബോംബ് നിർമിച്ച വീട്ടിലും സ്‌ഫോടക വസ്തുക്കൾ വാങ്ങിയ കടകളിലും മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇയാളെ എത്രയും വേഗം കകസ്റ്റഡിയിലെടുക്കാനുള്ള ശ്രമമായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക.

Similar Posts