< Back
Kerala
Kalamassery blast: Battery and wire used to make IED found
Kerala

കളമശ്ശേരി സ്‌ഫോടനം: ഐ.ഇ.ഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവ കണ്ടെത്തി

Web Desk
|
31 Oct 2023 4:35 PM IST

ബോംബ് സ്‌ഫോടനം നടക്കുന്നതിന്റെ തലേ ദിവസം മാർട്ടിന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നുവെന്നും അന്ന് പേടിച്ചാണ് സംസാരിച്ചിരുന്നതെന്നും ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി ഡൊമനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. തെളിവെടുപ്പിൽ ഐ.ഇ.ഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ, പെട്രോൾ എത്തിച്ച കുപ്പി എന്നിവ കണ്ടെത്തി. മാർട്ടിന്റെ അത്താണിയിലെ വീട്ടിൽനിന്നാണ് ഇത് കണ്ടെത്തിയത്. മാർട്ടിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

രാവിലെ 9.30ഓടെയാണ് അത്താണിയിലെ അപ്പാർട്ട്‌മെന്റിൽ പൊലീസ് എത്തിയത്. ബോംബ് നിർമിച്ചത് എങ്ങനെയാണ് മാർട്ടിൻ പൊലീസിന് കൃത്യമായി വിശദീകരിച്ചു നൽകി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

വിവിധ സ്ഥലങ്ങളിൽ ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിന് കസ്റ്റഡി അപേക്ഷ നൽകും. സ്‌ഫോടനം നടത്തുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോംബ് സ്‌ഫോടനം നടക്കുന്നതിന്റെ തലേ ദിവസം മാർട്ടിന്റെ ഫോണിലേക്ക് ഒരു കോൾ വന്നിരുന്നുവെന്ന് മാർട്ടിന്റെ ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്ന് പേടിച്ചുകൊണ്ടാണ് സംസാരിച്ചത്. ആരാണ് വിളിച്ചതെന്ന് ചോദിച്ചപ്പോൾ ക്ഷോഭിച്ചെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

Similar Posts