< Back
Kerala
Uma thomas accident news
Kerala

കലൂർ സ്‌റ്റേഡിയത്തിലെ അപകടം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

Web Desk
|
31 Dec 2024 6:16 AM IST

നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി പൊലിസ്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. സംഘാടകർ, ഇവന്റ് മാനേജ്‌മെന്റ് ടീം, സ്റ്റേജ് നിർമാണ കരാർ ജീവനക്കാർ എന്നിവരോട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഫൊറൻസിക് പരിശോധനാ ഫലവും ഇന്ന് വരും. നിലവിൽ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൃദംഗ വിഷൻ സിഇഒ ഷമീർ, ഓസ്‌കർ ഇവന്റ്‌സ് മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് നിർമിച്ച ബെന്നി എന്നിവരാണ് നിലവിൽ അറസ്റ്റിലായത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് ഉമ. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് ചികിത്സ. ശ്വാസകോശത്തിനും തലച്ചോറിനുമേറ്റ പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഉമ തോമസിനെ സന്ദർശിച്ചിരുന്നു.

Similar Posts