< Back
Kerala
കലൂർ സ്റ്റേഡിയം നവീകരണം; 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമെന്ന് കരാറുകാര്‍

Photo| Google

Kerala

കലൂർ സ്റ്റേഡിയം നവീകരണം; 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമെന്ന് കരാറുകാര്‍

Web Desk
|
29 Oct 2025 9:26 AM IST

എന്തൊക്കെ നടക്കുന്നുവെന്ന് ആർക്കും ബോധ്യമില്ല.ജിസിഡിഎക്ക് എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗങ്ങൾ ഉണ്ട്

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ സംശയമുന്നയിച്ച് കരാറുകാർ. 70 കോടി മുതൽ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നവർ പറയുന്നു. എന്തൊക്കെ നടക്കുന്നുവെന്ന് ആർക്കും ബോധ്യമില്ല.ജിസിഡിഎക്ക് എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗങ്ങൾ ഉണ്ട്. എസ്‍കെഎഫിന് മേൽനോട്ട ചുമതലയും. ടെണ്ടർ പോലുമില്ലാതെ മറ്റൊരു കമ്പനി അറ്റകുറ്റപ്പണികൾ നടത്തുന്നു. ചെലവഴിക്കുന്ന തുകയും എസ്റ്റിമേറ്റ് വിവരങ്ങളും പുറത്ത് വിടണമെന്നാണ് കരാറുകാരുടെ ആവശ്യം.

അന്താരാഷ്ട്ര മത്സരം നടക്കാത്ത സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് എഐവൈഎഫ്.സ്വകാര്യ വ്യക്തിയുമായുളള കരാറിനെക്കുറിച്ച് ജിസിഡിഎയും സര്‍ക്കാരും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തം. സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഐഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് പറഞ്ഞു.

അതേസമയം കലൂർ സ്റ്റേഡിയം സ്വകാര്യവൽക്കരിക്കുന്നു എന്നത് തെറ്റായ പ്രചാരണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ജിസിഡിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. ഇന്നലെ സ്റ്റേഡിയം നശിപ്പിക്കാൻ സംഘടിതമായ ശ്രമം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ സ്റ്റേഡിയം നവീകരണത്തിൽ ഒന്നും മറയ്ക്കാനില്ലെന്ന് ജിസിഡിഎ ചെയര്‍മാൻ കെ.ചന്ദ്രൻപിള്ള പറഞ്ഞു. സ്പോൺസറുമായി ജിസിഡിഎക്ക് കരാറില്ല. സ്പോർട്സ് കേരള ഫൗണ്ടേഷനുമായാണ് കരാർ. ജിസിഡിഎയുടെ മേൽനോട്ടം ഉണ്ട്. കേരള സർക്കാർ സ്ഥാപനത്തിനാണ് ജി.സി.ഡി.എ സ്റ്റേഡിയം കൈമാറിയത്. മുടക്ക് മുതൽ 70 കോടി എന്ന് ആരാണ് പറഞ്ഞതെന്ന് ചന്ദ്രൻ പിള്ള ചോദിച്ചു.

സ്പോൺസർ പറഞ്ഞത് അറിയില്ല. ചുറ്റുമതിൽ നിർമിക്കാനാണ് മരം മുറിച്ചത്. എല്ലാ അനുമതിയും തേടിയാണ് മരം മുറി നടന്നത്. സ്റ്റേഡിയത്തിലെ ടറഫിൽ ഇന്നലെ കോൺഗ്രസുകാർ അതിക്രമിച്ചു കയറിയത് യോഗം ചർച്ച ചെയ്യും. അവർക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മത്സരം നടക്കരുത് എന്നാണ് കോൺഗ്രസുകാരുടെ ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു.



അതേസമയം കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിൽ ജിസിഡിഎയോട് ചോദ്യങ്ങളുമായി എറണാകുളം എംപി ഹൈബി ഈഡൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പടക്കം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എട്ട് ചോദ്യങ്ങളുയര്‍ത്തിയാണ് ഹൈബിയുടെ കത്ത്. നേരത്തെ യുഡിഎഫിലെ പലരും ഇക്കാര്യത്തില്‍ സംശയം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു.

മെസ്സിപ്പട നവംബറിലെത്തില്ലെന്ന് ഉറപ്പായെങ്കിലും സ്റ്റേഡിയത്തിന്‍റെയും പരിസരത്തിന്‍റെയും നവീകരണപ്രവൃത്തി തുടരുന്നുമുണ്ട്. ഈ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്പോണ്‍സറുടെ പങ്കെന്താണ്? നവീകരണവും അര്‍ജന്‍റീനന്‍ ടീമിന്‍റെ ആതിഥേയത്വം സംബന്ധിച്ചും എന്ത് കരാറാണ് സ്പോണ്‍സറുമായുളളത്? മത്സരം ഇല്ലാത്ത സാഹചര്യത്തില്‍ സ്പോണ്‍സര്‍ക്ക് സ്റ്റേഡിയത്തില്‍ അവകാശം ഉണ്ടോ എന്നതടക്കമുളള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് .സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍, കേര ഫുട്ബോൾ അസോസിയേഷന്‍ എന്നിവക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.

Similar Posts