< Back
Kerala
മകനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡിവൈഎഫ്ഐക്കാരെയും  എസ്എഫ്‌ഐക്കാരെയും അവഗണിക്കുന്നത്; കൽപ്പറ്റ നാരായണൻ

കൽപ്പറ്റ നാരായണൻ Photo| MediaOne

Kerala

'മകനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ഡിവൈഎഫ്ഐക്കാരെയും എസ്എഫ്‌ഐക്കാരെയും അവഗണിക്കുന്നത്'; കൽപ്പറ്റ നാരായണൻ

Web Desk
|
15 Oct 2025 12:13 PM IST

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആലോചിക്കുക

വടകര: തന്‍റെ മകന്‍ തനിക്ക് ഒരു മാനക്കേടും ഉണ്ടാക്കാതെ അയാളുടെ ജീവിതം നയിക്കുന്നയാളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന യുവാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് നേതാവും മുന്‍ വടകര നഗരസഭ ചെയര്‍മാനുമായ കെ.കെ. രാഘവന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു കൽപ്പറ്റ നാരായണൻ.

''ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആലോചിക്കുക. ഒരു സോഷ്യലിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആഗ്രഹിക്കുക. അയാള്‍ കമ്മ്യൂണിസ്റ്റുകാരന്‍ ആകണമെന്നല്ലേ ആഗ്രഹിക്കുക. ഇതൊരു പ്രിവിലേജ്ഡ് ക്ലാസ് ആണെന്ന് മനസ്സിലാക്കി, അതില്‍ അഭിമാനിച്ച് എന്തുനഷ്ടം വന്നാലും ഞാനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാളുടെ മകന്‍ ഒരു സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടത്. ഇതല്ല വഴി, സമ്പന്നനായി ആഡംബരത്തോടെ മറ്റൊന്നിലും ശ്രദ്ധിക്കാതെ ഭൂമിയില്‍ എന്തുസംഭവിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന വിധത്തില്‍ ജീവിക്കുന്ന ഒരു വലിയ തലമുറ വളര്‍ന്നുവരുമ്പോഴാണ്, അതില്‍ ഒരുവനാണെന്ന് അഭിമാനപൂര്‍വം തന്‍റെ മകനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജീവിതം പണയംവെച്ച് എസ്എഫ്‌ഐക്കാരോ ഡിവൈഎഫ്‌ഐക്കാരനോ അനുഭവിക്കുന്നതിനെ അവഗണിക്കുന്നതല്ലേ'' കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.



മകൻ വിവേകിന് ഇഡിയുടെ സമന്‍സ് ലഭിച്ചെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഞാന്‍ എന്‍റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാന്‍ വകനല്‍കുന്ന കാര്യം, എന്റെ കുടുംബം പൂര്‍ണമായും അതിനോടൊപ്പംനിന്നു എന്നതാണ്. എന്റെ മക്കള്‍ രണ്ടുപേരും അതേനില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ?

ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും ഒരു മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരേ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോള്‍, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലര്‍ക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ. അത് എന്നെ ബാധിക്കുമോ. മകനെ ബാധിക്കുമോ.

ആ ചെറുപ്പക്കാരന്‍ മര്യാദയ്‌ക്കൊരു ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. അയാളുടെ പൊതുരീതി ജോലി പിന്നെ വീട് എന്നതാണ്. ഒരു പൊതുപ്രവര്‍ത്തനരംഗത്തും അയാളില്ല. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ അയാള്‍ പോയിട്ടില്ല. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാന്‍ അതില്‍ അഭിമാനിക്കുകയാണ്. നല്ല അഭിമാനം എനിക്കുണ്ട്. ഇതൊക്കെ ഉയര്‍ത്തിക്കാട്ടി എന്നെ പ്രയാസപ്പെടുത്തി കളയാം എന്ന് തെറ്റിദ്ധരിക്കേണ്ട.

പിന്നെ എവിടെയാണ് ഈ ഏജന്‍സിയുടെ സമന്‍സ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആര്‍ക്കാണ് അയച്ചത്. മുഖ്യമന്ത്രി എന്താണ് പ്രതികരിക്കേണ്ടത്. നിങ്ങള്‍ ഒരുകടലാസ് അയച്ചു, അതിങ്ങിട്ട് താ എന്ന് ഞാന്‍ പറയണോ. ഇവിടെ തെറ്റായ ചിത്രം വരച്ചുകാട്ടാന്‍ ശ്രമിക്കുകയാണ്. എന്നെ മറ്റൊരു തരത്തില്‍ കാണിക്കണം. സമൂഹത്തിന്റെ മുന്നില്‍ കളങ്കിതനാക്കി ചിത്രീകരിക്കാന്‍ പറ്റുമോ എന്ന് നോക്കണം. അങ്ങനെ ചിത്രീകരിക്കാന്‍ നോക്കിയാല്‍ കളങ്കിതനാകുമോ?

Similar Posts