
‘നവീൻ ബാബു ഇന്നലെ എങ്ങനെ ഉറങ്ങുമെന്ന് ചിന്തിച്ചിരുന്നെങ്കില്‍ ദിവ്യ ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ലായിരുന്നു’
|ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂരിൽ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതിഷേധം കനക്കുന്നു. ജീവനക്കാരും എൻജിഒ അസോസിയേഷനും രംഗത്തെത്തി. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയതിനെ തുടർന്നാണ് നവീന്‍ബാബുവിന് തിങ്കളാഴ്ച ജീവനക്കാർ യാത്രയപ്പ് നൽകിയത്. ഈ ചടങ്ങിലേക്ക് ക്ഷണമില്ലാതെയെത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
'സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച് സന്തോഷവാനായി ഇരിക്കുന്ന ഒരാളെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് അപമാനിച്ചത് വളരെ മോശം പ്രവര്‍ത്തിയാണ്. നവീന്‍ബാബു ഇന്നലെ എങ്ങനെ ഉറങ്ങും എന്ന് പി.പി ദിവ്യ ചിന്തിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വാക്കുകള്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നുവെന്ന്' എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് ഖന്ന പറഞ്ഞു. 'ദിവ്യയുടെ വാക്കുകള്‍ തന്നെയാവാം അദ്ദേഹത്തെ ഈ മരണത്തിലേക്ക് പ്രേരിപ്പിച്ചത്. പരാതി ഉണ്ടെങ്കില്‍ ഇവിടെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ട്,അല്ലാതെ എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിക്കുകയല്ല ചെയ്യേണ്ടതെന്നും' രാജേഷ് പറഞ്ഞു.
'മനുഷ്യത്വരഹിതമായ നടപടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന്' കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. 'ഉദ്യോഗസ്ഥന്‍ അഴിമതി കാണിച്ചതിന് തെളിവുണ്ടെങ്കില്‍ നിയമപരമായി പോകണമായിരുന്നു. വിജിലന്‍സ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ കൈമാറണമായിരുന്നു. അത് ചെയ്യാതെ ഒരു പൊതുപരിപാടിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അപമാനിച്ചത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും' റിജില്‍ കൂട്ടിച്ചേർത്തു.