< Back
Kerala
ഭൂമി ഉടമസ്ഥാവകാശ  തർക്കം: കണ്ണൂർ കോർപ്പറേഷനും ഡിഫൻസ് അധികൃതരും  വീണ്ടും ഏറ്റുമുട്ടലിലേക്ക്

Photo| Special Arrangement

Kerala

ഭൂമി ഉടമസ്ഥാവകാശ തർക്കം: കണ്ണൂർ കോർപ്പറേഷനും ഡിഫൻസ് അധികൃതരും വീണ്ടും ഏറ്റുമുട്ടലിലേക്ക്

Web Desk
|
11 Oct 2025 8:22 AM IST

വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് കോർപ്പറേഷൻ കൗൺസിൽ ആവശ്യം

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനും ഡിഫൻസ് അധികൃതരും തമ്മിലുള്ള തർക്കം വീണ്ടും ഏറ്റുമുട്ടലിലേക്ക്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലേക്ക് കടന്നത്. ആയിക്കരയിലെ കൻ്റോൺമെൻ്റ് ഏരിയയിൽപ്പെട്ട അഞ്ച് റോഡുകൾ എ വൺ കാറ്റഗറിയിലേക്ക് മാറ്റിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. പൊതുജന ജീവിതത്തെ ബാധിക്കുന്ന നീക്കത്തിൽ നിന്ന് സൈനിക അധികൃതർ പിന്മാറണമെന്നാണ് കോർപ്പറേഷൻ ആവശ്യം.

ജില്ലാ ആശുപത്രി ബസ് സ്റ്റാൻ്റും പ്രദേശത്തെ പ്രധാനപ്പെട്ട അഞ്ച് റോഡുകളും ഡിഫൻസ് ഭൂമിയായി പ്രഖ്യാപിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായത്. ജനവാസ മേഖലയെ ഒറ്റപ്പെടുത്തുന്ന നീക്കം ആയിക്കര ഡിവിഷനെ വലിയതോതിൽ ബാധിക്കും. എ വൺ കാറ്റഗറിയിലേക്ക് മാറുന്നതോടെ ജില്ലാ ആശുപത്രി അഞ്ചു കണ്ടി റോഡടക്കമുള്ള ആയിക്കരയിലെ പ്രധാന വഴികൾ തടസപ്പെടും. നാല് സ്കൂളുകളിലെ വിദ്യാർഥികളുടെ യാത്രയടക്കം ഇതോടെ പ്രതിസന്ധിയിലാകും. ആശുപത്രി ബസ് സ്റ്റാൻ്റ് അടക്കം വിട്ടുകൊടുക്കേണ്ടി വരുന്നത് കോർപ്പറേഷൻ വരുമാനത്തെയും ബാധിക്കുമെന്നും അധികൃതർ പറയുന്നു.

കൻ്റോൺമെൻ്റ് മേഖല കോർപ്പറേഷനിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കിടെയാണ് ജനവാസ മേഖലയും ബസ് സ്റ്റാസ്റ്റാൻ്റുമടക്കമുള്ള കൂടുതൽ സ്ഥലങ്ങൾ എ വൺ കാറ്റഗറിയിലേക്ക് മാറ്റിയ കാര്യം കോർപ്പറേഷൻ അറിയുന്നത്. സൈനിക അധികൃതരുടെ നീക്കത്തിനെതിരെ കോർപ്പറേഷൻ ഏകകണ്ഠമായി പ്രമേയവും പാസാക്കി. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് കോർപ്പറേഷൻ കൗൺസിൽ ആവശ്യം

Similar Posts