< Back
Kerala
kannur university

കണ്ണൂര്‍ സര്‍വകലാശാല

Kerala

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ് സംഘർഷം; സ്ഥലത്തില്ലാതിരുന്ന നേതാക്കൾക്കെതിരെ വധശ്രമ കേസെടുത്തെന്ന പരാതിയുമായി യുഡിഎസ്എഫ്

Web Desk
|
9 Aug 2025 6:08 PM IST

സംഘർഷം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ്, എംഎസ്എഫ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുത്തെന്നാണ് പരാതി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പ് സംഘർഷത്തിൽ സ്ഥലത്തില്ലാതിരുന്ന നേതാകൾക്കെതിരെ വധശ്രമ കേസെടുത്തെന്ന പരാതിയുമായി യുഡിഎസ്എഫ്. സംഘർഷം നടക്കുമ്പോൾ സ്ഥലത്ത് ഇല്ലാതിരുന്ന കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ്, എംഎസ്എഫ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുത്തെന്നാണ് പരാതി. ഇതിന്റെ തെളിവുകൾ ഉൾപ്പെടെ ഇരു സംഘടനകളും കണ്ണൂർ എസിപിക്ക് പരാതി നൽകി.

കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ മയ്യിൽ ഏരിയ കമ്മിറ്റി അംഗം അതുൽ സി.വിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് 24 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കേസിൽ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവ് ഹരികൃഷ്ണൻ പാളാട് സംഭവസമയം കോളയാട്ടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ അടക്കമാണ് നേതാക്കൾ കണ്ണൂർ എസിപിക്ക് പരാതി നൽകിയത്.

മയ്യിൽ പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റായ സഫ്‌വാൻ ആണ് കേസിലെ മൂന്നാം പ്രതി. അക്രമ സംഭവങ്ങൾ നടക്കുമ്പോൾ സഫ്വാൻ ചെക്കിക്കുളത്തെ പെട്രോൾ പമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറക്കുന്ന സിസിടിവി ദൃശ്യങ്ങളും നേതാക്കൾ ഹാജരാക്കി. സിപിഎം ഓഫീസിൽ നിന്ന് നൽകിയ പട്ടിക അനുസരിച്ചാണ് നേതാക്കളെ കേസിൽ പ്രതിച്ചേർത്തതെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.

അക്രമ സംഭവങ്ങളിൽ 220 പേർക്കെതിരെ പൊലീസ് ആദ്യം കേസെടുത്തിരുന്നു. ഇതിന് പുറമേ യുഡിഎസ്എഫ് പ്രവർത്തകർ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. എന്നാൽ എസ്എഫ്‌ഐ യുടെ പരാതിയിൽ കെഎസ്‌യു -എംഎസ്എഫ് നേതാക്കൾക്കെതിരെ മാത്രം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്തന്നാണ് ആരോപണം.

Similar Posts