
'ധൂർത്തും അടിച്ചുപൊളിയുമല്ല, സാമ്പത്തിക അച്ചടക്കവും മിതത്വവുമാണ് ജീവിത സംതൃപ്തി സാധ്യമാക്കുക'- കാന്തപുരം
|''വരുമാനമല്ല യഥാർഥ സമ്പത്ത് എന്ന സത്യം പുതിയ തലമുറ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു''
തിരുവനന്തപുരം: മൂല്യം പഠിപ്പിക്കേണ്ടതിനൊപ്പം തന്നെ എങ്ങനെയാണ് പണം ലഭിക്കുന്നതെന്നും അത് ചെലവഴിക്കേണ്ട രീതികളെക്കുറിച്ചുമൊക്കെ ചെറുപ്പത്തിലെ കുട്ടികളെ പഠിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ.
'ഉയർന്ന ജോലി നേടാനുള്ള നമ്മുടെ പുതുതലമുറയുടെ ഉത്സാഹവും പരിശ്രമവും അഭിനന്ദിക്കപ്പെടേണ്ടത് തന്നെ. എന്നാൽ അതാണ് ജീവിതവിജയം എന്ന ചിന്ത സമൂഹത്തിൽ വ്യാപകമാവുകയാണ്. വരുമാനമല്ല യഥാർഥ സമ്പത്ത് എന്ന സത്യം പുതിയ തലമുറ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അടുത്ത് കണ്ട ഒരു പത്രവാർത്തയിൽ പൊലീസ് പിടികൂടിയ കവർച്ചക്കാരിൽ മിക്കപേരും വലിയ ജോലികളുള്ളവരായിരുന്നു. ആഡംബര ജീവിതമോഹമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതത്രെ. അപ്പോൾ പണമോ ജോലിയോ വരുമാനമോ അല്ല, ജീവിത ലക്ഷ്യമില്ലാത്തതും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ആവാത്തതും ആസൂത്രമില്ലായ്മയും ധൂർത്തുമൊക്കെയാണ് യഥാർഥ വില്ലൻ'- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു.
'തങ്ങളുടെ ബാല്യകാലത്തുണ്ടായത് പോലെ ദാരിദ്ര്യം മക്കൾക്കുണ്ടാകരുത് എന്ന് കരുതി അവരെ ധാരാളിത്തം ശീലിപ്പിക്കരുത്. കുടുംബത്തിന്റെ ജീവിത സാഹചര്യവും മാതാപിതാക്കളുടെ തൊഴിൽ പ്രയാസവും കുട്ടികൾ അറിയാതിരിക്കാൻ പലരും ശ്രമിക്കാറുണ്ട്. അതും വേണമെന്നില്ല. എത്ര പ്രയാസപ്പെട്ടാണ് പണം ലഭിക്കുന്നതെന്നും എങ്ങനെയൊക്കെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെന്നും അറിയുമ്പോഴേ പണത്തിന്റെ മൂല്യം അവർക്ക് ബോധ്യമാവൂ'- അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓരോ ദിവസവും കാണാനെത്തുന്ന സന്ദർശകരിൽ അനേകം ചെറുപ്പക്കാരുണ്ടാകും. സംസാരത്തിനിടെ ആഗ്രഹിച്ച ഉന്നത വിദ്യാഭ്യാസവും തൊഴിലുമെല്ലാം നേടാൻ വേണ്ടി അവർ പ്രാർഥിക്കാൻ ഉണർത്തും. ഒരിക്കൽ വലിയ തിരക്കൊന്നുമില്ലാത്ത സമയത്ത് ഞാനൊരു ചെറുപ്പക്കാരനോട് ചോദിച്ചു: എന്തിനാണ് നല്ല വിദ്യാഭ്യാസം നേടുന്നത്'.
ഉയർന്ന ശമ്പളമുള്ള ജോലി നേടാന്നെന്നായിരുന്നു ഉത്തരം. ഉയർന്ന ജോലി ലഭിച്ചാലോ, നല്ല കുടുംബത്തിൽ നിന്ന് വധുവിനെ ലഭിക്കും. എന്നിട്ടോ?, നല്ല കുടുംബ ജീവിതം സാധ്യമാവും. അങ്ങനെയായാൽ മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകാം, ഉയർന്ന ശമ്പളമുള്ള ജോലിക്ക് അവരെ പ്രാപ്തരാക്കാം എന്നൊക്കെയായിരുന്നു ഇതിന്റെ തുടർച്ചയായുള്ള മറുപടികൾ.
ഉയർന്ന ജോലി നേടാനുള്ള നമ്മുടെ പുതുതലമുറയുടെ ഉത്സാഹവും പരിശ്രമവും അഭിനന്ദിക്കപ്പെടേണ്ടത് തന്നെ. എന്നാൽ അതാണ് ജീവിതവിജയം എന്ന ചിന്ത സമൂഹത്തിൽ വ്യാപകമാവുകയാണ്. ഉയർന്ന വരുമാനം സന്തുഷ്ട ജീവിതത്തിന് അനിവാര്യമാണെന്ന ധാരണയും ശക്തിപ്പെടുന്നു. അതേ തുടർന്നാണ് കൂടുതൽ വരുമാനം ലഭിക്കുന്ന അസാന്മാർഗിക മാർഗങ്ങളിൽ പോലും ചിലരെങ്കിലും ആകൃഷ്ടരാവുന്നത്. ഓൺലൈൻ തട്ടിപ്പിനിറങ്ങുന്നതും രാസലഹരിയുടെ കച്ചവടക്കാരാവുന്നതുമെല്ലാം ഈ അതിമോഹത്തിൽ നിന്നാണ്.
എന്നാൽ വരുമാനമല്ല യഥാർഥ സമ്പത്ത് എന്ന സത്യം പുതിയ തലമുറ പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത് കണ്ട ഒരു പത്രവാർത്തയിൽ പോലീസ് പിടികൂടിയ കവർച്ചക്കാരിൽ മിക്കപേരും വലിയ ജോലികളുള്ളവരായിരുന്നു. ആഡംബര ജീവിതമോഹമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതത്രെ.
അപ്പോൾ പണമോ ജോലിയോ വരുമാനമോ അല്ല, ജീവിത ലക്ഷ്യമില്ലാത്തതും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ ആവാത്തതും ആസൂത്രമില്ലായ്മയും ധൂർത്തുമൊക്കെയാണ് യഥാർഥ വില്ലൻ. ഇവിടെയാണ് ജീവിത വിജയത്തിലും സന്തുഷ്ടിയിലും പണം എങ്ങനെയാണ് ഇടപെടുന്നത് എന്ന് അറിയേണ്ടതും നമ്മുടെ കുട്ടികളെയുൾപ്പെടെ അത് ബോധ്യപ്പെടുത്തേണ്ടതും പ്രസക്തമാകുന്നത്.
മൂല്യം പഠിപ്പിക്കേണ്ടതിനൊപ്പം തന്നെ എങ്ങനെയാണ് പണം ലഭിക്കുന്നത്, ഏതുമാർഗത്തിൽ സമ്പാദിക്കുന്നതാണ് ഉത്തമം, എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടത്, വരുമാനത്തിന്റെ എത്രത്തോളം ചെലവഴിക്കാം, എങ്ങനെ മിച്ചം പിടിക്കാം എന്നൊക്കെ ചെറുപ്പം മുതലേ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നേരിട്ടുള്ള ഉപദേശത്തിന് പകരം ക്രമേണയുള്ള അനുഭവങ്ങളിലൂടെ, ജീവിത പരിസരത്തിലൂടെ ബോധ്യപ്പെടുത്തുന്നതാണ് ഫലപ്രദമാവുക.
തങ്ങളുടെ ബാല്യകാലത്തുണ്ടായത് പോലെ ദാരിദ്ര്യം മക്കൾക്കുണ്ടാകരുത് എന്ന് കരുതി അവരെ ധാരാളിത്തം ശീലിപ്പിക്കരുത്. കുടുംബത്തിന്റെ ജീവിത സാഹചര്യവും മാതാപിതാക്കളുടെ തൊഴിൽ പ്രയാസവും കുട്ടികൾ അറിയാതിരിക്കാൻ പലരും ശ്രമിക്കാറുണ്ട്. അതും വേണമെന്നില്ല. എത്ര പ്രയാസപ്പെട്ടാണ് പണം ലഭിക്കുന്നതെന്നും എങ്ങനെയൊക്കെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെന്നും അറിയുമ്പോഴേ പണത്തിന്റെ മൂല്യം അവർക്ക് ബോധ്യമാവൂ.
ആവശ്യങ്ങളും അത്യാവശ്യങ്ങളും ആഡംബരങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള മാറ്റങ്ങളെ കുറിച്ചും മനസ്സിലാക്കി നൽകണം. നമ്മെക്കാൾ താഴ്ന്ന ജീവിതനിലവാരമുള്ളവരിലേക്ക് നോക്കാൻ പ്രേരിപ്പിക്കണം. കൂടുതൽ വരുമാനവും ധൂർത്തും അടിച്ചുപൊളിയുമല്ല, സാമ്പത്തിക അച്ചടക്കവും മിതത്വവുമാണ് ജീവിത സംതൃപ്തിയും സന്തോഷവും സാധ്യമാക്കുകയെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കണം. കുട്ടികൾക്ക് ചെറിയ തുകകൾ നൽകുമ്പോൾ അൽപം ചിലവഴിച്ച് ബാക്കി സൂക്ഷിച്ചുവെക്കാനും സമ്പാദ്യശീലം വളർത്താനും ശീലിപ്പിക്കാം.
ലോണെടുക്കൽ, എന്തിനുമേതിനും ഇ എം ഐ ആശ്രയിക്കൽ, പുതുതായി ഇറങ്ങിയതെന്തും സ്വന്തമാക്കണമെന്ന ത്വര, അമിതമായ ബ്രാൻഡ് മോഹം... ഇക്കാര്യങ്ങളെ കുറിച്ചൊക്കെ സംസാരങ്ങൾ നടക്കണം. പാവപ്പെട്ടവർ തിങ്ങി താമസിക്കുന്ന ഇടങ്ങളിലേക്കും തെരുവുകളിലേക്കും മക്കളെയും കൂട്ടികൊണ്ടുപോവണം. സാഹചര്യങ്ങൾ കാണിക്കണം. ലോകത്ത് പ്രയാസപ്പെടുന്ന എത്ര മനുഷ്യരുണ്ട് എന്നറിയാനും നമുക്ക് ലഭിച്ച അനുഗ്രഹം ബോധ്യപ്പെടാനും ഇത് സഹായിച്ചേക്കും.
സാമ്പത്തിക സാക്ഷരതയുടെ പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കാനായാൽ കുട്ടികളിൽ, ചെറുപ്പക്കാരിൽ ക്രിയാത്മക ചിന്തകളും ദീർഘകാല ആസൂത്രണ മികവും ഉത്തരവാദിത്വബോധവും സഹജീവി സ്നേഹവും ഉരുത്തിരിഞ്ഞു വരും. സാമ്പത്തിക സാക്ഷരതയുണ്ടെങ്കിലേ സമാധാന സാമൂഹിക അന്തരീക്ഷവും സാമ്പത്തിക സുരക്ഷിതത്വവും നേടാനാവൂ. വരുമാനമനുസരിച്ച് ചെലവ് ക്രമീകരിക്കുന്ന ആളുകളെ നോക്കൂ, അവർക്കെപ്പോഴും സമാധാനമുണ്ടാകും. 'മിതത്വം പാലിച്ചവർ ദരിദ്രരായിട്ടില്ല' എന്നാണല്ലോ നബിപാഠം.