< Back
Kerala
കാന്തപുരം പ്രശംസ: ശ്രീധരൻ പിള്ളക്കെതിരെ പരസ്യ വിമർശനവുമായി ഹിന്ദു ഐക്യവേദി
Kerala

കാന്തപുരം പ്രശംസ: ശ്രീധരൻ പിള്ളക്കെതിരെ പരസ്യ വിമർശനവുമായി ഹിന്ദു ഐക്യവേദി

Web Desk
|
19 July 2025 11:20 AM IST

സുന്നി ടൈഗർ ഫോഴ്സിനെയും ചേകന്നൂർ മൗലവി വധത്തെയും ഓർമിപ്പിച്ചാണ് കാന്തപുരത്തെ പുകഴ്ത്തിയതിന് ശ്രീധരൻ പിള്ളക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയിരിക്കുന്നത്

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട കാന്തപുരം അബൂബക്കർ മുസ്‍ലിയാരെ പ്രശംസിച്ച ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ പരസ്യവിമർശനവുമായി ഹിന്ദു ഐക്യവേദി. ചേകന്നൂർ മൗലവി വധം ഓർമിപ്പിച്ചാണ് കാന്തപുരത്തെ പുകഴ്ത്തിയതിന് ശ്രീധരൻ പിള്ളക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യ വേദി കോഴിക്കോട് ജില്ലാ സഹ സംഘടന സെക്രട്ടറി സതീഷ് മലപ്രം​ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കാന്തപുരത്തെ ശ്രീധരൻപിള്ള പ്രശംസിച്ച വാർത്തയും ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

കാന്തപുരത്തിന്റെത് ഈശ്വരീയമായ കര്‍മമാണ് അതിനെ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണമെന്നായിരുന്നു പി.എസ് ശ്രീധരൻ പിള്ള പറഞ്ഞത്. കാന്തപുരവുമായുള്ള സഹകരണത്തിന്റെ പേരില്‍ ചെളിവാരി എറിയലിന് വിധേയനായ ആളാണ് ഞാന്‍. നീതിബോധത്തില്‍ മാത്രമെ മുന്നോട്ടു പോകൂ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടക്കുമ്പോഴും അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ വിളിച്ചിരുന്നു. കാന്തപുരം ചെയ്തത് നല്ല പ്രവൃത്തിയാണെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്.

ഇതിനെതിരെയാണ് സതീഷ് മലപ്രം​ രംഗത്തെത്തിയത്. എട്ടുകാലി മമ്മൂഞ്ഞുമാരെ വെള്ളപൂശി വെളുപ്പിക്കുന്നവർ ചേകന്നൂർ മൗലവിയെ ഓർക്കുന്നുണ്ടോ എന്ന് പറഞ്ഞാണ് കുറിപ്പ് ആ​രംഭിക്കുന്നത്. ഒരാൾക്കെതിരെയും ആയുധമെടുക്കാതെ ചാവേർ സ്ക്വാഡുകളെ ഉണ്ടാക്കാതെ താൻ പഠിച്ച ഖുർആനിലെ കാര്യങ്ങൾ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ് ചേകന്നൂർ മൗലവി ചെയ്ത തെറ്റെന്നും തുടർന്ന് കൊലയിലേക്ക് എത്തിച്ചതെന്നും പോസ്റ്റിൽ പറയുന്നു.

‘കാന്തപുരം വിഭാഗം സുന്നികളുടെ സ്ഥാപനമായ കാരന്തൂർ മർക്കസ് സ്ഥിതിചെയ്യുന്ന കുന്നമംഗലം കേന്ദ്രീകരിച്ച് എ.പി വിഭാഗം സുന്നികളിലെ ചിലർ ചേർന്ന് രൂപീകരിച്ച സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വി.വി ഹംസ, ഇല്യൻ ഹംസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു. സിബിഐ കോടതി ജഡ്ജി കമാല്‍ പാഷ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ പത്താം പ്രതിയാക്കി അന്വേഷണത്തിന് ഉത്തരവിട്ടു. പിടിക്കപ്പെട്ട പ്രതികൾ നൽകിയ വിവരമനുസരിച്ച് പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു. ചുവന്നകുന്നിലടക്കം പലസ്ഥലത്തും മണ്ണ് മാന്തി ഉപയോഗിച്ചു പരിശോധിച്ചിട്ടും മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാന്തപുരത്തെ പ്രതിയാക്കാൻ തെളിവുകൾ ഇല്ല എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അങ്ങനെ ചേകന്നൂർ മൗലവിയെ കൊന്നത് ആരെന്നു മാത്രമല്ല കൊല്ലപ്പെട്ടതിന് പോലും തെളിവില്ലാതെയായി. കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതിയായ ഹംസയുടെ ജീവപര്യന്തം കോടതി റദ്ദാക്കുകയും ചെയ്തു. കേസ് അന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം കാരന്തൂർ മർക്കസ് സെന്ററിലെ ലൈസൺ ഓഫീസറായി നിയോഗിക്കപ്പെട്ടു. അങ്ങനെ കേരളത്തിൽ ആദ്യമായി താൻ പഠിച്ച കാര്യം ശരിയാണ് എന്ന് പറഞ്ഞതിന്റെയും പ്രചരിപ്പിച്ചതിന്റെയും പേരിൽ ഒരു മതപണ്ഡിതൻ കൊല്ലപ്പെട്ടു എന്നുപോലും തെളിയിക്കാൻ സാധിക്കാതെ നിയമസംവിധാനങ്ങളും അന്വേഷണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം നോട്ടിനും വോട്ടിനും വേണ്ടി ചേകന്നൂർ മൗലവിയെ കൊന്ന് കുഴിച്ചുമൂടിയതുപോലെ തെളിവുകളും കുഴിച്ചുമൂടി​.’ എന്നും പോസ്റ്റിൽ പറയുന്നു. ഇനിയും ഏറെ പറയാനുണ്ട്. അധികം ആരും പറയിപ്പിക്കരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

​​ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

എട്ടുകാലി മമ്മൂഞ്ഞുമാരെ വെള്ളപൂശി വെളുപ്പിക്കുന്നവർ ചേകന്നൂർ മൗലവിയെ ഓർക്കുന്നുണ്ടോ?

ഒരാൾക്കെതിരെയും ആയുധമെടുക്കാതെ ചാവേർ സ്ക്വാഡുകളെ ഉണ്ടാക്കാതെ താൻ പഠിച്ച ഖുർആനിലെ കാര്യങ്ങൾ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞതാണ് ചേകന്നൂർ മൗലവി ചെയ്ത തെറ്റ്.

ഖുറാനിലെ ചില ഹദീസുകള്‍ക്കെതിരെ നിലകൊള്ളുകയും മുസ്ലിം സ്ത്രീകള്‍ക്കുള്ള ജീവനാംശ വിഷയത്തില്‍ മതമൗലികവാദികളുടെ നിലപാടുകള്‍ക്കെതിരെ നിലപാടെടുക്കുകയും വിഷയത്തില്‍ കപട മതേതര രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് ചേകന്നൂര്‍ മൗലവിയെ കൊന്നുകളഞ്ഞത്...

കാന്തപുരം വിഭാഗം സുന്നികളുടെ സ്ഥാപനമായ കാരന്തൂർ മർക്കസ് സ്ഥിതിചെയ്യുന്ന കുന്നമംഗലം കേന്ദ്രീകരിച്ച് എ പി വിഭാഗം സുന്നികളിലെ ചിലർ ചേർന്ന് രൂപീകരിച്ച സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനയാണ് ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് പിന്നിലൊന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

വി വി ഹംസ ഇല്യൻ ഹംസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു.

സിബിഐ കോടതി ജഡ്ജി കമാല്‍ പാഷ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ പത്താം പ്രതിയാക്കി അന്വേഷണത്തിനു ഉത്തരവിട്ടു.

പിടിക്കപ്പെട്ട പ്രതികൾ നൽകിയ വിവരമനുസരിച്ച് പുളിക്കലിനടുത്ത അരൂര്‍ ചുവന്നകുന്നില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി പരിശോധിച്ചിരുന്നു.ചുവന്ന കുന്നിലടക്കം പലസ്ഥലത്തും മണ്ണ് മാന്തി ഉപയോഗിച്ചു പരിശോധിച്ചിട്ടും മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാന്തപുരത്തെ പ്രതിയാക്കാൻ തെളിവുകൾ ഇല്ല എന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

അങ്ങനെ ചേകന്നൂർ മൗലവിയെ കൊന്നത് ആരെന്നു മാത്രമല്ല കൊല്ലപ്പെട്ടതിനു പോലും തെളിവില്ലാതെയായി.

കേസിൽ ശിക്ഷിക്കപ്പെട്ട ഏക പ്രതിയായ ഹംസയുടെ ജീവപര്യന്തം കോടതി റദ്ദാക്കുകയും ചെയ്തു

കേസ് അന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം കാരന്തൂർ മർക്കസ് സെന്ററിലെ ലയ്സണ്‍ ഓഫീസറായി നിയോഗിക്കപ്പെട്ടു.

അങ്ങനെ കേരളത്തിൽ ആദ്യമായി താൻ പഠിച്ച കാര്യം ശരിയാണ് എന്ന് പറഞ്ഞതിന്റെയും പ്രചരിപ്പിച്ചതിന്റെയും പേരിൽ ഒരു മതപണ്ഡിതൻ കൊല്ലപ്പെട്ടു എന്നുപോലും തെളിയിക്കാൻ സാധിക്കാതെ നിയമസംവിധാനങ്ങളും അന്വേഷണ സംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും എല്ലാം നോട്ടിനും വോട്ടിനും വേണ്ടി ചേകന്നൂർ മൗലവിയെ കൊന്ന് കുഴിച്ചുമൂടിയതുപോലെ തെളിവുകളും കുഴിച്ചുമൂടി.......

ഇനിയും ഏറെ പറയാനുണ്ട്.....

അധികം പറയിപ്പിക്കരുത്......

ആരും.....

✍️സതീഷ് മലപ്രം

Similar Posts