< Back
Kerala
Karunagappally,:Karunagappally drugs smuggling ,CPIM, DYFI ,
Kerala

കരുനാഗപ്പള്ളി ലഹരിക്കടത്ത്; ഷാനവാസിന് സസ്‍പെന്‍ഷന്‍, ഇജാസിനെ പുറത്താക്കി

Web Desk
|
10 Jan 2023 10:24 PM IST

ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്, ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗമാണ് ഷാനവാസ്

കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ആലപ്പുഴ നോർത്ത് ഏരിയകമ്മിറ്റി അംഗവും കൗൺസിലറുമായ ഷാനവാസിനെ സിപിഎം സസ്പെൻഡ് ചെയ്തു. വാഹനം വാങ്ങിയതിലും വാടകക്ക് നൽകിയതിലും ഷാനവാസിന് ജാഗ്രത കുറവുണ്ടായെന്ന് പാർട്ടി കണ്ടെത്തി. കേസിലെ മുഖ്യപ്രതി ഇജാസിനെ പാർട്ടി പുറത്താക്കി. ആരോപണം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു.

കരുനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരിവേട്ടയിലെ പ്രതികൾ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണെന്ന് നേരത്തേ വ്യക്തമായിരുന്നു. കേസിലെ മറ്റൊരു പ്രതി സജാദ് ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയാണ്.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയും ആലിശ്ശേരി മേഖല ഭാരവാഹിയുമാണ്.

കൗൺസിലർ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ ഇജാസ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, തന്റെ വാഹനം വാടകയ്ക്കു നൽകിയതാണെന്നും ലഹരിക്കടത്ത് പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഷാനവാസ് അന്ന് വ്യക്തമാക്കിയത്.

Similar Posts