
കരുവന്നൂർ കള്ളപ്പണക്കേസ്: സിപിഎമ്മിനെ പ്രതിയാക്കി ഇഡിയുടെ അന്തിമ കുറ്റപത്രം; മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരും പ്രതികൾ
|കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് എന്നിവരാണ് പ്രതികൾ
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ കുരുക്കിലാക്കി ഇഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികൾ. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് തുടങ്ങിയ സിപിഎം നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം പാർട്ടി കേസിൽ 68-ാം പ്രതിയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് കുറ്റപത്രം സമർപ്പിച്ചിക്കുന്നതെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്തിമ കുറ്റപത്രത്തിൽ പുതുതായി 27 പ്രതികൾ കൂടിയുണ്ട്. ഇതോടെ കേസിൽ ആകെ പ്രതികൾ 83 ആയി. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. 128 കോടിയാണ് പ്രതികളുടെ സ്വത്തുക്കളിൽ നിന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.