
കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യ: കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ വാദങ്ങൾ തള്ളി പിതാവ്
|'മകൾ മരിച്ചതിന് ശേഷവും മാനേജ്മെൻ്റ് പ്രതിനിധികൾ ഇതു വരെ ബന്ധപ്പെട്ടില്ല'
കോഴിക്കോട്: കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ വാദങ്ങൾ തള്ളി അധ്യാപികയുടെ പിതാവ്. സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മാനേജ്മെന്റ് ശരിയായ നടപടി സ്വീകരിച്ചാൽ മാത്രമേ സർക്കാരിന് സ്ഥിര നിയമനം നൽകാനാകുവെന്നും അലീന ബെന്നിയുടെ പിതാവ് ബെന്നി മീഡിയ വണ്ണിനോട് പറഞ്ഞു.
മകൾ മരിച്ചതിന് ശേഷം മാനേജ്മെന്റ് പ്രതിനിധികൾ ഇതു വരെ ബന്ധപ്പെട്ടില്ലെന്നും നൂറു രൂപ പോലും ഇതു വരെ ശമ്പളമായി നൽകിയില്ലെന്നും പിതാവ് ആരോപിച്ചു. തൻ്റെ മകൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയായിരുന്നു കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ അലീന ബെന്നിയെ വീട്ടിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്. 13 ലക്ഷം രൂപ നൽകിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിൽ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചു.