< Back
Kerala
പുതുപ്പള്ളി അനാഥമാകില്ല; ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ ആലോചിച്ചിട്ടില്ലെന്ന് കെ.സി.ജോസഫ്
Kerala

'പുതുപ്പള്ളി അനാഥമാകില്ല'; ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ ആലോചിച്ചിട്ടില്ലെന്ന് കെ.സി.ജോസഫ്

Web Desk
|
21 July 2023 12:27 PM IST

ഈ മാസം 24ന് നടക്കുന്ന കെ.പി.സി.സി അനുശോചന യോഗത്തിൽ പ്രാഥമിക ആലോചന നടത്തുമെന്നും കെ.സി.ജോസഫ് മീഡിയവണിനോട് പറഞ്ഞു

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി അനാഥമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഈ മാസം 24ന് നടക്കുന്ന കെ.പി.സി.സി അനുശോചന യോഗത്തിൽ പ്രാഥമിക ആലോചന നടത്തുമെന്നും കെ.സി.ജോസഫ് മീഡിയവണിനോട് പറഞ്ഞു. കുടുംബത്തിൽ നിന്നാണോ ആ പകരക്കാരൻ എന്ന കാര്യവും ആലോചിച്ചിട്ടില്ലെന്ന് കെ.സി.ജോസഫ് വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ ആർക്കും കഴിയില്ലെന്നാണ് മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണം. പുതുപ്പള്ളിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു.

"ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമാണ്. അദ്ദേഹം ജീവിച്ചതുപോലെ ആർക്കും ജീവിക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ ആർക്കുമാകില്ല" ചാണ്ടി ഉമ്മൻ പറഞ്ഞു. നിലവിൽ യുത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ഭാരവാഹിയാണ് അത് തുടരും. ഉമ്മൻ ചാണ്ടിയുടെ പാതയിലാകും പ്രവർത്തനമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Similar Posts