< Back
Kerala
ക്രൈസ്തവ, മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർഎസ്എസ്, ചുടല വരെ ആ ശീലം തുടരും:  കെ.സി വേണുഗോപാൽ
Kerala

ക്രൈസ്തവ, മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർഎസ്എസ്, ചുടല വരെ ആ ശീലം തുടരും: കെ.സി വേണുഗോപാൽ

Web Desk
|
14 Sept 2025 9:17 AM IST

അന്ധമായ ന്യൂനപക്ഷ വിരോധം പേറുന്ന സംഘപരിവാർ സംഘടനകളോട് ഒരു നാട് തന്നെ ജാഗ്രത പുലർത്തേണ്ട കാലമാണ്

ഡൽഹി: ക്രൈസ്തവർ ദേശവിരുദ്ധരാണെന്നും ഇവിടെ ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിച്ചുകൊണ്ടുള്ള ആർഎസ്എസ് വാരിക കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെതിരെ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്താമെന്നും ക്രൈസ്തവരെ ഈ നാടിന്‍റെ ശത്രുപക്ഷത്ത് നിർത്താൻ കഴിയുമെന്നുമുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് നമ്മൾ മനസ്സിലാക്കണം. 'ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ' എന്ന തലക്കെട്ടിൽ ആർഎസ്എസ് മുഖവാരിക കേസരിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ക്രൈസ്തവ വിരുദ്ധ വിദ്വേഷ ലേഖനമാണ്. മതപരിവർത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കൽക്കൂടി നാട്ടിൽ വെറുപ്പ് പടർത്താമെന്നും ക്രൈസ്തവരെ ഈ നാടിന്‍റെ ശത്രുപക്ഷത്ത് നിർത്താൻ കഴിയുമെന്നുമുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളത്. ഛത്തീസ്‌ഗഡിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ മുഖത്ത് തേച്ച ചായമാണിവിടെ മഴയത്തൊലിച്ച് പോയിരിക്കുന്നത്.

ക്രൈസ്തവ, മുസ്‍ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിഷം തുപ്പി ശീലിച്ച ആർഎസ്എസ്, ചുടല വരെ ആ ശീലം തുടരുമെന്ന് പ്രഖ്യാപിക്കുക കൂടിയാണിവിടെ. ആർഎസ്എസിന്റെ ഈ നിലപാട് തന്നെയാണോ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാൻ താത്പര്യമുണ്ട്. അന്ധമായ ന്യൂനപക്ഷ വിരോധം പേറുന്ന സംഘപരിവാർ സംഘടനകളോട് ഒരു നാട് തന്നെ ജാഗ്രത പുലർത്തേണ്ട കാലമാണ്. ഓർഗനൈസറും കേസരിയുമൊക്കെ അച്ചടിക്കുന്നത് തന്നെ വെറുപ്പിന്‍റെ കടലാസ് കഷ്ണങ്ങളിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ട് എന്നതുറപ്പാണ്.

Similar Posts