< Back
Kerala
വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി വരുന്നത് നാണക്കേട്, കേരളത്തിന്റെ ചരിത്രം ആദ്യം മോദി പഠിക്കണം: കെ.സി വേണുഗോപാല്‍
Kerala

വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി വരുന്നത് നാണക്കേട്, കേരളത്തിന്റെ ചരിത്രം ആദ്യം മോദി പഠിക്കണം: കെ.സി വേണുഗോപാല്‍

Web Desk
|
23 Jan 2026 2:54 PM IST

അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോൾ കെടുത്താനായി വെള്ളം കോരിയൊഴിച്ചവരാണ് മുസ്ലിം ലീഗുകാരെന്നും ഉത്തർപ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങൾ എന്തുകൊണ്ടാണ് മോദി കേരളത്തിൽ പറഞ്ഞതെന്ന് മനസിലാവുന്നില്ലെന്നും കെ.സി വിമർശിച്ചു

ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രം പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം. മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി വഴിയൊരുക്കിയവരാണ് മുസ്‌ലിം ലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് പോയിട്ട് അത് കെടുത്തുന്നതിനായി വെള്ളമൊഴിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ വന്ന് പറഞ്ഞതെന്ന് മനസിലാകുന്നില്ല. ജനങ്ങളെ വിഢിയാക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ഇതിനുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. കെ.സി വേണുഗോപാല്‍ പറഞ്ഞു.

'നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എംപിമാര്‍ മത്സരിക്കണമോയെന്ന വിഷയം ഇതുവരെയും ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമൊന്നുമില്ല. ന്യായമായത് ഘടകകക്ഷികള്‍ക്ക് കൊടുക്കും. ന്യായമായത് കോണ്‍ഗ്രസിനും ലഭിക്കും. നേതാക്കള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്'. കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വികസനപ്രഖ്യാപനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തിയിരുന്നു. തിരുവനന്തപുരേെത്താട് യുഡിഎഫും എല്‍ഡിഎഫും വലിയ അനീതിയാണ് കാണിച്ചതെന്നും ഇനി അതുണ്ടാവില്ലെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് വികസന അജണ്ടയില്ലെന്നും മാവോവാദികളും മുസ്‌ലിം ലീഗുമായാണ് കോണ്‍ഗ്രസിന്റെ കൂട്ടെന്നും ലീഗിനേക്കാള്‍ വലിയ വര്‍ഗീയപ്പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മോദി വിമര്‍ശിച്ചിരുന്നു.

Similar Posts