< Back
Kerala
യുഡിഎഫിൽ സീറ്റ് ധാരണ: ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന് വിട്ടുകൊടുത്ത് ജോസഫ് വിഭാഗം
Kerala

യുഡിഎഫിൽ സീറ്റ് ധാരണ: ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന് വിട്ടുകൊടുത്ത് ജോസഫ് വിഭാഗം

Web Desk
|
16 March 2026 12:26 PM IST

കടുത്തുരുത്തിയിൽ നിലവിലെ എംഎൽഎ മോൻസ് ജോസഫ് തന്നെ വീണ്ടും ജനവിധി തേടും

കോട്ടയം: യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകാൻ ഏകദേശ ധാരണയായി. ഈ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളാകും ഇത്തവണ ജനവിധി തേടുക. എന്നാൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത തവണ ഇവ കേരള കോൺഗ്രസിന് തന്നെ തിരിച്ചുനൽകണമെന്ന കർശനമായ ഉപാധിയോടെയാണ് വിട്ടുനൽകാൻ ജോസഫ് വിഭാഗം തയ്യാറായത്.

ഇത്തവണ ആകെ എട്ട് സീറ്റുകളിലാകും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുക. നേരത്തെ കുട്ടനാട്, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന തരത്തിൽ ശക്തമായ ചർച്ചകൾ മുന്നണിയിൽ ഉയർന്നിരുന്നു. എന്നാൽ ഏറ്റുമാനൂരിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തെങ്കിലും കുട്ടനാട്, പൂഞ്ഞാർ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. ഈ മണ്ഡലങ്ങളിൽ പാർട്ടിക്ക് ശക്തമായ വേരോട്ടമുണ്ടെന്നും അതിനാൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

സ്ഥാനാർഥി നിർണയത്തിലും ഏകദേശ ചിത്രം തെളിഞ്ഞിട്ടുണ്ട്. കടുത്തുരുത്തിയിൽ നിലവിലെ എംഎൽഎ മോൻസ് ജോസഫ് തന്നെ വീണ്ടും ജനവിധി തേടും. അതേസമയം, പാർട്ടിയുടെ ശക്തികേന്ദ്രമായ തൊടുപുഴയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. മുതിർന്ന നേതാവ് പി.ജെ. ജോസഫ് തന്നെ വീണ്ടും മത്സരിക്കണോ അതോ മകൻ അപു ജോസഫ് മത്സരിക്കുമോ എന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും.

പി.ജെ. ജോസഫ് മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തിൽ ഒഴികെ, ബാക്കിയുള്ള ഏഴ് സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസിന് നൽകുന്നതിലൂടെ മധ്യകേരളത്തിൽ യുഡിഎഫിന് കൂടുതൽ കരുത്ത് പകരാൻ കഴിയുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Similar Posts