
'കേരളാ കോൺഗ്രസ് എം എൽഡിഎഫിനൊപ്പം തന്നെ, ഞങ്ങളെ ഓർത്ത് ആരും കരയേണ്ട'; നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി
|വിദേശത്ത് പോയത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പിതൃസുഹൃത്തിനെ കാണാനാണെന്നും ജോസ് കെ. മാണി.
കോട്ടയം: കേരളാ കോൺഗ്രസ് എം എൽഡിഎഫിനൊപ്പം തന്നെയെന്ന് ജോസ് കെ. മാണി. മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ജോസ് കെ. മാണി തള്ളി. മുന്നണിമാറ്റ ചർച്ചകൾ ആരാ നടത്തുന്നതെന്നും തങ്ങളെ ഓർത്ത് ആരും കരയേണ്ടെന്നും ജോസ് കെ. മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദേശത്ത് പോയത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പിതൃസുഹൃത്തിനെ കാണാനാണെന്നും ജോസ് കെ. മാണി. എൽഡിഎഫ് പിന്തുണയിൽ പുനരാലോചന ഉണ്ടായിട്ടില്ലെന്നും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും പറഞ്ഞ ജോസ് കെ. മാണി താൻ തന്നെ മാധ്യമേഖലാ ജാഥ ക്യാപ്റ്റനാകുമെന്നും വ്യക്തമാക്കി.
ബൈബിൾ വചനം ഉദ്ധരിച്ച് മുന്നണികൾക്ക് കേരളാ കോൺഗ്രസ് അനിവാര്യഘടകമെന്ന് ജോസ് കെ. മാണി ആവർത്തിച്ചു. 'ജോസ് കെ. മാണി എന്ത് നിലപാടെടുക്കും എന്നൊക്കെയുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടക്കുകയാണ്. എവിടെയെങ്കിലും ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ടോ? പിതാവിന്റെ അടുത്ത സുഹൃത്ത് ദുബൈയിലുള്ള ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കിടക്കുകയാണ്. അദ്ദേഹത്തെ കാണാനാണ് കുടുംബവുമൊത്ത് പോയത്. അതിനാൽ എൽഡിഎഫിന്റെ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇക്കാര്യം മുഖ്യമന്ത്രിയെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരെയും അറിയിച്ചിരുന്നു. കേരളാ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും അതിൽ പങ്കെടുത്തിരുന്നു'- ജോസ് കെ. മാണി വ്യക്തമാക്കി.
താനെവിടെയെങ്കിലും പോവുമ്പോൾ അത് മുഴുവൻ മാധ്യമങ്ങളെയും പൊതുസമൂഹത്തേയും അറിയിക്കാൻ സാധിക്കില്ല. കേരളാ കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരളാ കോൺഗ്രസിന് ഒറ്റ നിലപാടേ ഉള്ളൂ. എൽഡിഎഫിനൊപ്പമായിരിക്കും എന്നതാണത്. എല്ലാ ദിവസവും വന്ന് നിലപാട് പറയാൻ പറ്റുമോ...? ഞങ്ങളങ്ങോട്ടും ഇങ്ങോട്ടും മാറിയെന്ന ചർച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ല. എല്ലാ മുന്നണി യോഗത്തിൽ താൻ പങ്കെടുത്തില്ലല്ലോ. അവിടെ സ്റ്റീഫൻ ജോർജും മറ്റ് നേതാക്കളുമുണ്ടായിരുന്നെന്നും ജോസ് കെ. മാണി പറഞ്ഞു.
'മുന്നണി മാറ്റം സംബന്ധിച്ച് എന്തിനാണ് ചർച്ച നടത്തേണ്ടത്...? പല സ്ഥലങ്ങളിൽ നിന്നും വിളികൾ വരുന്നുണ്ട്... അതിന് ഞങ്ങൾ കുറ്റക്കാരാണോ...? കേരളാ കോൺഗ്രസ് മുന്നണിയിലേക്ക് വരണമെന്ന് ആരെങ്കിലും പറഞ്ഞാൽ ഞങ്ങളെങ്ങനെ കുറ്റക്കാരാകും? ഞങ്ങൾക്ക് അതിനുള്ള ബലവും പ്രാധാന്യം ഉള്ളതുകൊണ്ടല്ലേ അത്... ഒരു രാഷ്ട്രീയ പാർട്ടിക്കകത്ത് പല അഭിപ്രായങ്ങളുമുണ്ടാകും. പക്ഷേ പാർട്ടി അഭിപ്രായമാണ് പ്രധാനം'- അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി റോഷി അഗസ്റ്റിനുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന കാര്യം ജോസ് കെ. മാണി തള്ളി. ഭിന്നശേഷി സംവരണത്തിൽ അടക്കം വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് സമ്മതിച്ച ജോസ് കെ. മാണി ജെ.ബി കോശി റിപ്പോർട്ടിൽ വ്യക്തമായ മറുപടി നൽകിയില്ല.