< Back
Kerala
Kerala congress M state leaders resigned from party
Kerala

'കാസയുടെ ബി ടീമായി മാറി'; മുനമ്പം നിലപാടിനെച്ചൊല്ലി കേരള കോൺഗ്രസ് (എം) നേതാക്കൾ രാജിവെച്ചു

Web Desk
|
5 Dec 2024 10:40 AM IST

സംസ്ഥാന സമിതി അംഗങ്ങളായ സക്കീർ ഒതളൂർ, അഡ്വ. കുറ്റിയിൽ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.

കോഴിക്കോട്: മുനമ്പം നിലപാടിനെച്ചൊല്ലി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേർ പാർട്ടിയിൽനിന്ന് രാജിവച്ചു. മുനമ്പം ഉൾപ്പെടെ വിഷയങ്ങളിൽ പാർട്ടി മതേതര നിലപാടിൽനിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം പ്രസിഡന്റ് സക്കീർ ഒതളൂർ, കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയിൽ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.

മുനമ്പം, ലവ് ജിഹാദ്, പൗരത്വ ദേഭഗതി വിഷയങ്ങളിൽ പാർട്ടി നിന്നത് ആർഎസ്എസ് നിലപാടിനൊപ്പമെന്ന് സക്കീർ ഒതളൂർ മീഡിയവണിനോട് പറഞ്ഞു. കാസയുടെ ബി ടീമായി കേരള കോൺഗ്രസ് മാറിയെന്ന് സംശയിക്കുന്നതായി ഷാനവാസ് ആരോപിച്ചു.

നാർക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നിലകൊണ്ടത് വർഗീയ ചേരിക്കൊപ്പമാണ്. മുനമ്പം വിഷയത്തിൽ വർഗീയ ചേരിതിരവും സ്പർദ്ധയുമുണ്ടാക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും സക്കീർ ഒതളൂർ പറഞ്ഞു.

മുനമ്പം വിഷയത്തിൽ എൽഡിഎഫ് സഖ്യകക്ഷിയായ കേരള കോൺഗ്രസ് (എം) ബിജെപി നിലപാടിനൊപ്പമാണ് നിൽക്കുന്നത്. സംഘ്പരിവാറും കാസയും സംഘടിപ്പിച്ചതിന് സമാനമായ പ്രതിഷേധം കേരള കോൺഗ്രസും സംഘടിപ്പിച്ചിരുന്നു. ഇത് പാർട്ടിയിൽ നേരത്തെ തന്നെ ചർച്ചയായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ കാസയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കേരള കോൺഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയും രാജിവെച്ച നേതാക്കൾ നൽകുന്നുണ്ട്. കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നാണ് ഇവർ നൽകുന്ന വിവരം.

Similar Posts