
അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനം; ചോദ്യങ്ങളുമായി സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും രംഗത്ത്
|ആർ.വി.ജി മേനോൻ അടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൽ സർക്കാരിന് തുറന്നകത്തുമായി സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും രംഗത്ത്. ആധികാരിക പഠന റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. എന്തൊക്കെ മാനദണ്ഡങ്ങളുപയോഗിച്ചാണ് പ്രഖ്യാപനമനെന്നും കത്തിൽ ചോദിച്ചു. ആർ.വി.ജി മേനോൻ അടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ അതി ദരിദ്രരെ നിർണ്ണയിക്കാൻ ഏതൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്. ഏത് ആധികാരിക സമിതിയാണ് അതിനായി സർവ്വേ നടത്തിയത്. ഇതിന് ആധാരമായി ഉപയോഗിച്ച ഡേറ്റയുടെ ആധികാരികതയും അതിനായി ആധാരമാക്കുന്ന പഠന റിപ്പോർട്ടും ഏതെന്ന് വ്യക്തമാക്കണമെന്നും പറയുന്നു.
2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് സംസ്ഥാനത്ത് അതി തീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന 1.16ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ ഉണ്ട്. എന്നാൽ, പുതിയ കണക്കിൽ 6400 കുടുംബങ്ങളെ മാത്രമാണ് അതിദാരിദ്ര വിഭാഗമായി കണ്ടെത്തിയിട്ടുള്ളത്. അവർ അഗതികളാണോ അതോഅതിദാരിദ്ര്യരായ AAY വിഭാഗത്തിൽപ്പെടുന്നവരാണോ. അവരുടെ അതിദാരിദ്ര്യം മറികടക്കാൻ എന്ത് ഇന്ദ്രജാലമാണ് നടന്നതെന്നും കത്തിൽ ചോദിക്കുന്നു. 2025 നവംബർ ഒന്നിനാണ് അതിദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം.