< Back
Kerala
kerala government affidavit in high court
Kerala

മുഖ്യമന്ത്രിയുടെ സന്ദേശം; ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

Web Desk
|
27 Feb 2026 2:31 PM IST

സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു

കൊച്ചി: ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ച സംഭവം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐടി മിഷന്‍ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ഐടി മിഷന്‍ ഒരുക്കിയ വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്നും ജീവനക്കാരുടെ മറ്റ് വ്യക്തിവിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും കരുതല്‍ തുടരുമെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടേതായി ജീവനക്കാര്‍ക്ക് ലഭിച്ചത്. എല്ലാവരുടെയും പേര് പറഞ്ഞു കൊണ്ടായിരുന്നു സന്ദേശം. മുഖ്യമന്ത്രി സന്ദേശം അയച്ച സംഭവം ഡാറ്റ മോഷണമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാര്‍ക് സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രഥമദൃഷ്ട്യാ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കില്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

Similar Posts