< Back
Kerala
സഭ പിരിഞ്ഞത് അറിയിക്കാതെ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ നീക്കം
Kerala

സഭ പിരിഞ്ഞത് അറിയിക്കാതെ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ നീക്കം

Web Desk
|
14 Dec 2022 7:13 AM IST

സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാനുള്ള തീരുമാനത്തിലുറച്ച് സര്‍ക്കാര്‍. നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞെങ്കിലും മന്ത്രിസഭ ചേര്‍ന്ന് ശിപാര്‍ശ നല്‍കിയാലേ വിജ്ഞാപനം ഗവര്‍ണര്‍ പുറത്തിറക്കുകയുള്ളൂ. സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ നയപ്രഖ്യാപനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. എന്നാൽ സർക്കാരുമായി പരസ്യമായ പോര് പ്രഖ്യാപിച്ച ഗവർണറോട് വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം തൽക്കാലത്തേക്ക് ഒഴിവാക്കാനാണ് സർക്കാരിന്‍റെ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ സമ്മേളനം അവസാനിച്ചത് മന്ത്രിസഭാ ശിപാർശയോടെ ഗവർണറെ അറിയിക്കാതിരിക്കലാണ് നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ കണ്ടിരിക്കുന്ന മാർഗം.

സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നുവെന്ന് സ്പീക്കർ അറിയിച്ചാലും മന്ത്രിസഭായോഗം ചേർന്ന് സഭ പിരിഞ്ഞതായി ഗവർണറെ അറിയിച്ച് വിജ്ഞാപനം ചെയ്യുമ്പോഴേ നടപടിക്രമം പൂര്‍ത്തിയാകൂ. സഭ പിരിയുന്നതായി മന്ത്രിസഭ ശിപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി തന്നെ കണക്കാക്കാം. പഴയ സമ്മേളന ബാക്കിയായി സഭ ചേരുന്നതിനാൽ നയപ്രഖ്യാപനം ഒഴിവാക്കുകയും ചെയ്യാം. ഈ തന്ത്രത്തിന്‍റെ ഭാഗമായാണ് ഇന്നലെ സഭ പിരിഞ്ഞതിന് ശേഷം മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ പിരിഞ്ഞതായി ഗവർണറോട് ശുപാർശ ചെയ്യാതിരുന്നത്. കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും സഭ സമ്മേളിക്കണമെങ്കിൽ മന്ത്രിസഭ ചേർന്ന് തീരുമാനമെടുത്ത് സ്പീക്കറോട് ശിപാർശ ചെയ്താൽ മതി. നിയമസഭയിലെ പുസ്തകോത്സവം കഴിഞ്ഞ ശേഷമേ ഇനി സഭ ചേരുകയുളളൂ.

ഇത് രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവർണർ രാംദുലാരി സിൻഹയുമായി ഇടഞ്ഞപ്പോഴാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ ആദ്യമായി തീരുമാനിച്ചത്. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

Similar Posts