
ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ നിര്‍ണായക വിധി; 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി
|നിലവിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാറിന്‍റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദാക്കിയത്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ പരിശോധിച്ച് അതിന് ആനുപാതികമായി ആനുകൂല്യം പുതുക്കാൻ കോടതി നിർദേശിച്ചു.
80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പാലക്കാട് സ്വദേശി അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
2015ലെ സര്‍ക്കാറിന്‍റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. 2011 സെന്‍സസ് പ്രകാരം 45.27 ശതമാനമാണ് ന്യൂനപക്ഷ വിഭാഗം. ഇതില്‍ 58 ശതമാനം മുസ്‌ലിംങ്ങളും 40 ശതമാനം ക്രിസ്ത്യാനികളുമാണ്. അതിനാല്‍ 80:20 എന്ന അനുപാതം നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഇത് കോടതി അംഗീകരിച്ചാണ് ഉത്തരവുകള്‍ റദ്ദാക്കിയത്.
മുസ്‌ലിംങ്ങളടക്കം പിന്നാക്ക വിഭാഗത്തിന്‍റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട രജീന്ദർ സച്ചാർ, പാലോളി മുഹമ്മദ്കുട്ടി, ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങൾ സംബന്ധിച്ച തീരുമാനങ്ങളുണ്ടായതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മുസ്‌ലിംങ്ങള്‍ മറ്റു സമുദായങ്ങളേക്കാൾ ഏറെ പിന്നാക്കാവസ്ഥയിലാണെന്നാണ് കമീഷനുകൾ റിപ്പോർട്ട് നൽകിയത്.
മുസ്‌ലിം വിഭാഗത്തിലെ ബിരുദ, പി.ജി, പ്രൊഫഷണൽ കോഴ്സ് വിദ്യാർഥിനികൾക്കായി 5000 സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതിൽ 20 ശതമാനം പിന്നീട് ലത്തീൻ,പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി നീക്കിവച്ചു. 80:20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്നത് ഏകദേശ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഇത് നിയമ ലംഘനമോ സ്വേഛാപരമോ അല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ജനസംഖ്യാനുപാതികമായി പദ്ധതികള്‍ നടപ്പാക്കണമെന്നാണ് കോടതിയുടെ നിലപാട്.