< Back
Kerala
naveen babu
Kerala

നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണമില്ല, ഹരജി ഹൈക്കോടതി തള്ളി

Web Desk
|
6 Jan 2025 10:36 AM IST

നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുൾപ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണമുണ്ടാകില്ല. കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. പ്രത്യേകാന്വേഷണ സംഘം അന്വേഷണ പുരോഗതി സമയാസമയങ്ങളിൽ ഹരജിക്കാരെ അറിയിക്കണം. കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹരജി ഹൈക്കോടതി തീർപ്പാക്കി.

നവീൻ ബാബുവിന്‍റേത് കൊലപാതകമെന്ന് സംശയിക്കാൻ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ? അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണം .ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ? അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂ. അന്വേഷണത്തിന് സിബിഐ തയ്യാറാണോ എന്നതല്ല, സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്നും സംശയങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നും വ്യക്തമാക്കി.

നവീൻ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുൾപ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.''കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇൻക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. നവീനെതിരെ നൽകിയ പ്രശാന്തന്റെ കൈക്കൂലി പരാതി കെട്ടിച്ചമച്ചതാണ്. പ്രബലരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയുമില്ല. തെളിവുകൾ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്'' തുടങ്ങിയ വാദങ്ങളാണ് നവീന്‍റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ഉന്നയിച്ചത്.

പ്രതിയായ ദിവ്യയെ സർക്കാർ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സർക്കാർ നിലപാട്.



Similar Posts