
'ഫിസിയോ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടറെന്ന് ഉപയോഗിക്കാം'; ഐഎംഎയുടെ ഹരജി തള്ളി ഹൈക്കോടതി
|മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് ഹൈക്കോടതി
എറണാകുളം: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും പേരിന് മുന്‍പില്‍ ഡോക്ടറെന്ന് ഉപയോഗിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി ഡോക്ടർ പദവി നീക്കിവെച്ചിട്ടില്ല. ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപ്പിസ്റ്റുകൾ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ട് 1916ലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐഎംഎ സമർപ്പിച്ച ഹരജി തള്ളുകയായിരുന്നു. ഡോക്ടറെന്ന് പേരിനോടൊപ്പം ചേര്‍ക്കാനും തടസങ്ങളില്ലാതെ സ്വതന്ത്രമായി പ്രാക്ടീസ് നടത്താനും നിയമപരമായി ഹൈക്കോടതി അനുമതി നല്‍കിയെന്ന് ഫിസിയോ തെറാപ്പിസ്റ്റ് അസോസിയേഷന്‍ അറിയിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ റിഹാബിലിറ്റേഷന്‍ ഉയര്‍ത്തിക്കാട്ടിയ എതിര്‍പ്പുകള്‍ തള്ളിയ ഹൈക്കോടതി മെഡിക്കല്‍ പ്രാക്ടീസിങ് രംഗത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കാണ് അന്ത്യം കുറിച്ചത്.
'ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമല്ല,അവർക്ക് രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ട്. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി ഡോക്ടർ പദവി നിയമപരമായി നീക്കിവെച്ചിട്ടില്ല'. ഹൈക്കോടതി വ്യക്തമാക്കി.
യോഗ്യരായ ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് ഇനി മുതല്‍ പേരിനോടൊപ്പം ഡോക്ടറെന്ന് ചേര്‍ക്കാനാകും. പ്രൊഫഷണല്‍ രംഗത്ത് ഇത്രയും കാലം നിലനിന്നിരുന്ന തടസങ്ങള്‍ ഇനിയുണ്ടാകില്ല. ഐഎപി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
'ഇന്ത്യയിലെ ഫിസിയോ തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ ഐഡന്റിറ്റിയും അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതിന് വിധി സഹായകമായി. രാജ്യത്തുടനീളമുള്ള എല്ലാ ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും വിധി ഒരുപോലെ ബാധകമാണ്. ആരോഗ്യസംരക്ഷണ മേഖലയില്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതിയുടെ ഇടപെടല്‍'. പ്രസ്താവനയില്‍ ഐഎപി വ്യക്തമാക്കി.
മരുന്നുകള്‍ കൂടാതെ കായിക ചലനങ്ങളുടെയും യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സാരീതിയാണ് ഫിസിയോ തെറാപ്പി. ഇത്തരമൊരു ചികിത്സാരീതി സ്വീകരിക്കുന്നവര്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ട് 1916ലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടകള്‍ നേരത്തെ വാദിച്ചിരുന്നു.