< Back
Kerala
എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ
Kerala

എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ

Web Desk
|
18 Nov 2025 7:50 AM IST

തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ എസ്‌ഐആർ നിർത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്

ന്യൂഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. എസ്ഐആറും തദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയിൽ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയിൽ. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫാണ് ഹരജി നൽകിയത്.

അതേസമയം, എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷന്മാർ നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം ചർച്ച ചെയ്യും. എസ്ഐആറിനെതിരായ തുടർ പ്രതിഷേധ പരിപാടികൾക്ക് യോഗം രൂപം നൽകും.

കണ്ണൂർ ഏറ്റുകുടുക്കയിൽ ജോലി സമ്മർദം മൂലം അനീഷ് ജോർജ് എന്ന ബിഎൽഒ ജീവനൊടുക്കിയ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സർവീസ് സംഘടനകൾ. വിഷയത്തെ നിയമപരമായി നേരിടാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. സംസ്ഥാന വ്യാപക പ്രതിഷേധമുണ്ടായിട്ടും ഇതുവരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ മാസം 25 നുള്ളിൽ ഫോം പൂരിപ്പിച്ച് തിരികെ വാങ്ങാനാണ് കമ്മീഷന്റെ നീക്കം.


Similar Posts