< Back
Kerala
കുത്തേറ്റ പൊലീസുകാരനെ ഫീസില്ലാതെ ചികിത്സിച്ച് ഡോക്ടര്‍; നന്ദി അറിയിച്ച് കേരള പൊലീസ്
Kerala

കുത്തേറ്റ പൊലീസുകാരനെ ഫീസില്ലാതെ ചികിത്സിച്ച് ഡോക്ടര്‍; നന്ദി അറിയിച്ച് കേരള പൊലീസ്

Web Desk
|
10 March 2022 7:52 PM IST

സാമൂഹ്യ സേവനത്തിനിടെ ആക്രമിക്കപ്പെട്ട പൊലീസുകാരനെ ചികിത്സിക്കുന്നതിന് ഫീസ് വേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് മദൻമോഹന്‍ പറഞ്ഞു

പൊലീസുകാരുടെ വീഴ്ചകൾ ഏറെ വിമര്‍നങ്ങള്‍ക്കും ചർച്ചകള്‍ക്കും വിധേയമാകുന്ന കാലമാണിത്. എന്നാല്‍ അതിനിടിയിലും പരിക്കേറ്റ ഒരു പൊലീസുകാരനെ ചികിത്സിച്ച ഡോക്ടര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കൃത്യനിര്‍വഹണത്തിനിടയില്‍ പരിക്കേറ്റ പൊലീസുകാരനെ ഫീസില്ലാതെ ചികിത്സിച്ച ഡോക്ടര്‍ മദൻമോഹനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

തിരുവനന്തപുരം കല്ലമ്പലത്ത് കൃത്യനിർവഹണത്തിനിടെ പൊലീസുകാർക്ക് കുത്തേറ്റത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ ചികിത്സിച്ച ഡോക്ടറാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ താരം. സർജറി അടക്കമുള്ള ചികിത്സകള്‍ക്ക് പൈസ വാങ്ങാതെയാണ് ഡോക്ടര്‍ ചികിത്സ നടത്തിയത്.

സാമൂഹ്യ സേവനത്തിനിടെ ആക്രമിക്കപ്പെട്ട പൊലീസുകാരനെ ചികിത്സിക്കുന്നതിന് ഫീസ് വേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് മദൻമോഹന്‍ പറഞ്ഞു. ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കേരള പൊലീസിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാലു പോലീസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവം മനസാക്ഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. അതിൽ ഗൗരവമായി പരിക്ക് പറ്റിയ മൂന്നുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ മുറിവ് ആഴമേറിയതായതിനാൽ അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അവരുടെ ചികിത്സാചിലവുകളിൽ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു അന്വേഷിച്ചതിൽ, അദ്ദേഹത്തിന്റെ പേര് ഡോ. മദൻമോഹൻ എന്നാണെന്നും, നാടിൻ്റെ സുരക്ഷയുടെ ഭാഗമായി കർത്തവ്യനിർവഹണം നടത്തി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിൻ്റെ ഫീസ് തനിക്ക് വേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്.നന്ദി പ്രിയ ഡോ.മദൻമോഹൻ, താങ്കളുടെ നന്മയ്ക്ക്, ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നൽകിയ കരുതലിന്, ചേർത്ത് നിർത്തലിന്‌ ഹൃദയപൂർവ്വം നന്ദി



Similar Posts