< Back
Kerala
സാർവദേശീയ സാഹിത്യോത്സവത്തിൽ ഷിജുഖാൻ പങ്കെടുക്കുന്നതിൽ പ്രതിഷേധം; സെഷൻ റദ്ദാക്കി കേരള സാഹിത്യ അക്കാദമി
Kerala

സാർവദേശീയ സാഹിത്യോത്സവത്തിൽ ഷിജുഖാൻ പങ്കെടുക്കുന്നതിൽ പ്രതിഷേധം; സെഷൻ റദ്ദാക്കി കേരള സാഹിത്യ അക്കാദമി

Web Desk
|
19 Aug 2025 2:36 PM IST

പലതരത്തിലുള്ള ഭീഷണികൾ ഉണ്ടായിരുന്നുവെന്നും അതേ തുടർന്നാണ് സെഷൻ ഒഴിവാക്കിയതെന്നും സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ പറഞ്ഞു

തൃശൂർ: തൃശൂരിലെ സാർവദേശീയ സാഹിത്യോത്സവത്തിൽ ഷിജുഖാൻ പങ്കെടുക്കുന്നതിൽ പ്രതിഷേധത്തെ തുടർന്ന് സാഹിത്യോത്സവത്തിലെ ഒരു സെഷൻ റദ്ദാക്കി കേരള സാഹിത്യ അക്കാദമി. ശിശുക്ഷേമ സമിതിയുടെ ചുമതലയിലിരിക്കെ അനുപമ വിഷയത്തിൽ സ്വീകരിച്ച വിവാദ നിലപാടുകളിലാണ് പ്രതിഷേധം.

കുട്ടികളുടെ വിഷയം ചർച്ച ചെയ്യുന്ന വേദിയിൽ ഷിജുഖാനൊപ്പം വേദി പങ്കിടാൻ ആവില്ലെന്നറിയിച്ച് സഹപാനലിസ്റ്റായ അഡ്വ. കുക്കൂ ദേവകി പിന്മാറിയതിന് പിന്നാലെ സാംസ്കാരിക മേഖലയിൽ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഷിജുഖാനെതിരെ ഉയർന്നത്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ് ഷിജുഖാൻ.

അതേസമയം, പലതരത്തിലുള്ള ഭീഷണികൾ ഉണ്ടായിരുന്നുവെന്നും അതേ തുടർന്നാണ് സെഷൻ ഒഴിവാക്കിയതെന്നും സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ പറഞ്ഞു. അനുപമ വിഷയത്തിൽ ഷിജുഖാന് ഒരു ഭൂതകാലം ഉള്ളതായി തനിക്ക് അറിവില്ലായിരുന്നു. പലരും തന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഷിജുഖാന്റെ ഭൂതകാലത്തെ കുറിച്ച് അറിഞ്ഞതെന്നും അനുപമയടക്കം വേദിയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.

ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളും പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. ദത്തു വിവാദത്തിലെ അനുപമയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ സാഹിത്യോത്സവ വേദിയിലേക്ക് എത്തുമെന്ന നിലപാടിലാണ് ഷിജുഖാനെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Similar Posts