
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധം; മഞ്ചേരി ലാഡര്‍ സിനിമാസിൽ കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കില്ല
|സിനിമ പ്രദർശിപ്പിച്ചാൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു
മലപ്പുറം: പ്രതിഷേധത്തെ തുടര്‍ന്ന് കേരള സ്റ്റോറി 2 സിനിമ പ്രദർശനം ഒഴിവാക്കി. മലപ്പുറം മഞ്ചേരിയിലെ ലാഡർ സിനിമാസിൽ നിന്നാണ് സിനിമയുടെ പ്രദർശനം ഒഴിവാക്കിയത്. ഇന്ന് മൂന്ന് ഷോയാണ് ഉണ്ടായിരുന്നത്.
സിനിമ പ്രദർശിപ്പിച്ചാൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി സിനിമാപ്രദർശനം ഒഴിവാക്കുന്നു എന്ന് തിയറ്റർ അധികൃതർ അറിയിച്ചു. അതേസമയം മലപ്പുറം എടപ്പാൾ ഗോവിന്ദാ തിയറ്ററിൽ സിനിമ തടയുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.
അതിനിടെ കോട്ടയം അനശ്വര തിയറ്ററിൽ കേരള സ്റ്റോറി പ്രദർശനം ഡിവൈഎഫ്ഐ തടഞ്ഞു. രാവിലെ 11 മണിക്ക് ആരംഭിച്ച ഷോ പകുതിയോടെ എത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി തടയുകയായിരുന്നു. 24 പേരാണ് സിനിമ കാണാനായി എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് തുടർന്നുള്ള പ്രദർശനങ്ങളും റദ്ദാക്കി.
'ദ കേരള സ്റ്റോറി 2' സിനിമ ഇസ്‍ലാമോഫോബിക് ഹിന്ദുത്വ വംശീയ പ്രചാരണമാണെന്നും കേരളത്തിലെ പ്രദർശനം സർക്കാർ തടയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സിനിമ അങ്ങേയറ്റം മുസ്‍ലിം വിരുദ്ധവും ഒരു ജനതയെ അപരവത്ക്കരിക്കുന്നതും പ്രദേശത്തെയാകെ വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതുമാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ടെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
'നിർബന്ധിച്ച് ബീഫ് വായിൽ കുത്തിക്കയറ്റുന്നതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നതും പോക്‌സോ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതും കല്യാണം കഴിഞ്ഞ് മതപരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതുമെല്ലാം ട്രെയിലറില്‍ കാണിക്കുന്നു. ‘അവര്‍ നമ്മുടെ പെണ്‍മക്കളെ ലക്ഷ്യം വെച്ചു… ഇത്തവണ നമ്മള്‍ സഹിക്കില്ല… പോരാടും' ഈ ടാഗ് ലൈനോട് കൂടിയാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. നുണകളുടെ മേൽ മുസ്‌ലിം വിരുദ്ധ വംശഹത്യക്ക് പരസ്യ ആഹ്വാനം മുഴക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നീചമായ നുണ പ്രചാരണവും കൂടിയാണ് 'ദ കേരള സ്റ്റോറി 2'. 'മുസ്‌ലിംകളാൽ വേട്ടയാടപ്പെട്ട് പാവം ഹിന്ദുക്കൾക്ക് ജീവിക്കാൻ സാധ്യമല്ലാത്ത ഒരിടം' എന്നാണ് ആ നുണയുടെ കേന്ദ്രബിന്ദു'.
മുസ്‍ലിം വിരുദ്ധ വംശീയ പ്രചാരണത്തെ കേവലം ഭക്ഷണ വിഷയമാക്കി ചുരുക്കുന്ന എസ്എഫ്ഐ, എംഎസ്എഫ് നിലപാട് രാഷ്ട്രീയ അസംബന്ധമാണെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.