< Back
Kerala
ജനവാസ മേഖലയിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തെ ഒഴിവാക്കണമെന്ന് കേരളം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും
Kerala

ജനവാസ മേഖലയിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തെ ഒഴിവാക്കണമെന്ന് കേരളം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും

Web Desk
|
5 Oct 2024 8:05 PM IST

502 ഹെക്ടർ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാരിൻറെ ആവശ്യം

തിരുവനന്തപുരം: ജനവാസ മേഖലയിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തെ ഒഴിവാക്കണമെന്ന് കേരളം. കേന്ദ്രസർക്കാനോട് ഇക്കാര്യം വീണ്ടും ആവശ്യപ്പെടാനാണ് കേരള സർക്കാറിന്റെ തീരുമാനം. 502 ഹെക്ടർ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാരിൻറെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന-വന്യജീവി ബോർഡ് യോ​ഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നേരത്തേയും കേരളം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

കടുവാ സങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിന്റെ ഭാ​ഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോ​ഗത്തിൽ ഇക്കാര്യം പരി​ഗണിക്കാനായാണ് മുഖ്യമന്ത്രി അടിയന്തര യോ​ഗം വിളിച്ചത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാൻ്റിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശിപാർശ ചെയ്യും.

യോഗത്തിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി. ശശി, അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Similar Posts