< Back
Kerala
ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന  സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മക്കും പകരം രക്ഷിതാക്കൾ എന്ന് മതി; ഹൈക്കോടതി
Kerala

ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മക്കും പകരം രക്ഷിതാക്കൾ എന്ന് മതി; ഹൈക്കോടതി

Web Desk
|
2 Jun 2025 12:51 PM IST

കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്

കൊച്ചി: ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണത്തിന് നിർദേശം നൽകി ഹൈക്കോടതി. ജനന സര്‍ട്ടിഫിക്കറ്റിലെ അച്ഛനും അമ്മയും എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്നാണ് ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിൽ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോർപ്പറേഷന് കോടതി നിർദേശം നൽകി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണം എന്നായിരുന്നു ഹരജിക്കാരായ സഹദ്, സിയ പവല്‍ ട്രാന്‍സ് ദമ്പതികളുടെ ആവശ്യം. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജൈവിക രക്ഷിതാക്കളാണ് സഹദും സിയ പവലും.

നേരത്തെ കോര്‍പറേഷന് ട്രാൻസ്ജെൻഡർ ദമ്പതികള്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു.എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കൂവെന്ന് കോര്‍പറേഷന്‍ അറിയിച്ചു.ഇതനുസരിച്ചുള്ള ജനന സര്‍ട്ടിഫിക്കറ്റും അനുവദിക്കുകയായിരുന്നു.

തുടര്‍ന്ന്2023ലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.ഇതിലാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. കോര്‍പേറഷന്‍ ഇവര്‍ക്ക് പുതിയ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


Similar Posts