Kerala
സംവിധായകൻ സിദ്ദിഖിന്‍റെ മരണത്തിനു പിന്നില്‍ യൂനാനി ചികിത്സ; ആക്ഷേപങ്ങള്‍ക്കെതിരെ അസോസിയേഷൻ നിയമനടപടിക്ക്
Kerala

'സംവിധായകൻ സിദ്ദിഖിന്‍റെ മരണത്തിനു പിന്നില്‍ യൂനാനി ചികിത്സ'; ആക്ഷേപങ്ങള്‍ക്കെതിരെ അസോസിയേഷൻ നിയമനടപടിക്ക്

Web Desk
|
12 Aug 2023 6:52 AM IST

യൂനാനി ചികിത്സയെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ തെറ്റായ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.യു.എം.കെ നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞു

കൊച്ചി: സംവിധായകൻ സിദ്ദിഖിന്‍റെ മരണത്തില്‍ യൂനാനി ചികിത്സയെ ആക്ഷേപിച്ചുകൊണ്ടുള്ള ആരോപണങ്ങളില്‍ വിമര്‍ശനവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ. യൂനാനി ചികിത്സയാണ് സിദ്ദിഖിന്‍റെ മരണത്തിലേക്കു നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, അദ്ദേഹത്തെ അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

സിദ്ദിഖിന്‍റെ മരണത്തിനു പിന്നാലെ നടന്‍ ജനാര്‍ദനന്‍ നടത്തിയ പ്രസ്താവനയാണ് യൂനാനി ചികിത്സാരീതിയെ സംശയത്തിന്‍റെ നിഴലിലാക്കിയത്. ജനാര്‍ദനന്‍ പ്രസ്താവന തിരുത്തിയെങ്കിലും ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹ് അടക്കം വിവിധ കോണുകളിൽനിന്ന് യൂനാനി ചികിത്സാരീതിയെക്കുറിച്ച് വിമർശനം ഉയര്‍ന്നു. ഇതോടെയാണ് കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയത്.

യൂനാനി ചികിത്സയെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ തെറ്റായ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞു. കെ.യു.എം.കെ ജനറല്‍ സെക്രട്ടറി ഡോ. എ.കെ സയ്യിദ് മുഹ്സിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആഗസ്റ്റ് എട്ടിനാണ് സിദ്ദിഖ് അന്തരിച്ചത്. കരൾരോഗത്തെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചു ഗുരുതരനിലയിലാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഒന്‍പതിന് കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള വസതിയിലും പൊതുദർശനത്തിനുശേഷം എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ ഖബറടക്കി.

Summary: Kerala Unani Medical Association slams allegations of denigrating Unani treatment in director Siddique death

Similar Posts