< Back
Kerala
Kerala University Art Festival has been suspended
Kerala

കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു

Web Desk
|
11 March 2024 3:19 PM IST

വി.സിയുടെ നിർദേശത്തെ തുടർന്ന് രജിസ്ട്രാറാണ് കലോത്സവം നിർത്തിവെപ്പിച്ചത്

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസിലറുടെ നിർദേശത്തെ തുടർന്ന് രജിസ്ട്രാറാണ് കലോത്സവം നിർത്തിവെപ്പിച്ചത്. ബാക്കി തീരുമാനം പ്രശ്‌നങ്ങളും പരാതികളും പരിഹരിച്ചതിനുശേഷമുണ്ടാകുമെന്ന് രജിസ്ട്രാർ പറഞ്ഞു.

സംഘർഷങ്ങൾക്ക് പിന്നാലെ വിദ്യാർഥികളുടെയും സർവകലാശാലയുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് വിസിയുടെ വിശദീകരണം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവും പാടില്ലെന്ന് രജിസ്ട്രാർക്ക് നിർദേശം നൽകി. കലോത്സവം നിർത്തിവയ്ക്കാൻ യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെടുകയായിരുന്നു. കലോത്സവം നിർത്തിവെച്ച വിവരം വിദ്യാർഥികളിൽ പലരും അറിഞ്ഞിട്ടില്ല.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കലോത്സവം തുടരാൻ കഴിയില്ലെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ വിജയ് വിമൽ പറഞ്ഞു. തുടക്കം മുതൽ കലോത്സവം തകർക്കണമെന്ന ലക്ഷ്യത്തോടുകൂടിയുള്ള ചില പ്രവർത്തനങ്ങൾ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. ആരൊക്കെയാണ് പിന്നിലെന്ന് പരിശോധിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ പറഞ്ഞു.

കേരള സർവകലാശാല കലോത്സവത്തിൽ പലവട്ടം സംഘർഷങ്ങളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. കലോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിനാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. കലോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ തുടങ്ങിയവർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പ്രധാന വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഗവൺമെന്റ് ലോ കോളജിലെ ഒപ്പന ടീമിനൊപ്പം വന്ന കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

അതിനിടെ, യൂണിവേഴ്‌സിറ്റി കോളേജിലെയും വഴുതക്കാട് വിമൻസ് കോളേജിലെയും വിദ്യാർഥികൾ പ്രതിഷേധിച്ചു. തിരുവാതിര ഫലം പ്രഖ്യാപിക്കുക, മാർഗംകളി വീണ്ടും നടത്താൻ ഉള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

Similar Posts