
'പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിൽ'; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്
|വിസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്. പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലാണെന്നും വിസിയുടെ നടപടി നിയമവിരുദ്ധമാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.
രജിസ്ട്രാർക്ക് പറയാനുള്ളത് കേട്ടില്ല. രജിസ്ട്രാർക്ക് പറയാനുള്ളത് കേൾക്കണമെന്ന് ചട്ടം പറയുന്നുണ്ട്. സംഭവങ്ങൾ പരിശോധിക്കാൻ കമ്മിറ്റിയെ നിയമിച്ചുവെന്നും 19 സിൻഡിക്കേറ്റ് അംഗങ്ങൾ വിസി തീരുമാനത്തിന് എതിർപ്പ് രേഖപ്പെടുത്തിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.
രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷനാണ് റദ്ദാക്കിയത്. കേരള സർവകലാശാലയിലെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. താത്കാലിക വിസി സിസാതോമസിന്റെ എതിർപ്പിനെ മറികടന്നാണ് സിൻഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തു.
എന്നാൽ യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുമെന്നും താത്കാലിക വൈസ് ചാൻസിലർ ഡോ.സിസാ തോമസ് പറഞ്ഞു. താന്‍ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിന് ശേഷം നടന്നത് കുശലാന്വേഷണമാണെന്നും സസ്‌പെന്‍ഷന്‍ നടപടിയില്‍ ചര്‍ച്ച അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേർത്തു.