< Back
Kerala
Kerala VC Mohan Kunnummal, Kerala University, Kerala University VC Mohan Kunnummal, Kerala University senate appointment row
Kerala

കേരള സെനറ്റ് നിയമനം: വൈസ് ചാൻസലർക്കെതിരെ വീണ്ടും സിൻഡിക്കേറ്റ്

Web Desk
|
5 Jan 2024 7:24 PM IST

രജിസ്ട്രാർ തയാറാക്കിയ സത്യവാങ്മൂലം വി.സി വെട്ടിത്തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ വൈസ് ചാൻസലർക്കെതിരെ വീണ്ടും സിൻഡിക്കേറ്റ്. രജിസ്ട്രാർ തയാറാക്കിയ സത്യവാങ്മൂലം വി.സി വെട്ടിത്തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി. വി.സിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകേണ്ടത് നിയമവും നടപടിക്രമങ്ങളും വിശദമാക്കിയാണ്. എന്നാല്‍, വി.സിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. മുരളീധരൻ വി.സിക്കു കത്തുനല്‍കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച നടന്ന കേരള സർവകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സെനറ്റ് അംഗങ്ങളുടെ നിയമനത്തിനായി സർവകലാശാല തയാറാക്കിയ പട്ടിക ചാൻസലർക്ക് നൽകിയിട്ടില്ലെന്ന് വൈസ് ചാൻസലർ യോഗത്തില്‍ വ്യക്തമാക്കി. പട്ടിക കൈമാറാതിരുന്നത് ചാൻസലറുടെ നിർദേശപ്രകാരമാണെന്നുമാണ് വി.സി മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് യോഗത്തിൽ പറഞ്ഞത്. മെറിറ്റ് ലിസ്റ്റ് വി.സിയും ചാൻസലറും ചേർന്ന് അട്ടിമറിച്ചെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.

സർവകലാശാല സെനറ്റ് നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിൻഡിക്കേറ്റിൽ വയ്ക്കണമെന്ന് ഒരു അംഗം വി.സിയോട് ആവശ്യപ്പെട്ടു. ഈ കത്തിന് മറുപടി നൽകാൻ വി.സി തയാറായില്ല. എന്നാൽ, സർവകലാശാലാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങളായ ഡോ. ഷിജു ഖാൻ, ജി. മുരളീധരൻ എന്നിവർ സിൻഡിക്കേറ്റ് യോഗത്തിൽ വി.സിക്കെതിരെ രംഗത്തെത്തി. ഇതു തർക്കത്തിലേക്കു നീങ്ങി. പിന്നാലെയാണ് സർവകലാശാല തയാറാക്കിയ പട്ടിയ ഗവർണർക്കു കൈമാറിയിട്ടില്ലെന്ന് വി.സി വ്യക്തമാക്കിയത്.

Summary: Kerala University Syndicate criticizes the Vice-Chancellor Mohanan Kunnummal in the senate appointment row

Similar Posts