< Back
Kerala
വിസിക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി
Kerala

വിസിക്ക് തിരിച്ചടി; കേരള സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി

Web Desk
|
12 Feb 2026 4:39 PM IST

കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിർദേശിച്ചു

കൊച്ചി: കേരള സർവകലാശാല യൂണിയൻ പ്രവർത്തനങ്ങൾ റദ്ദാക്കിയ വിസി മോഹനൻ കുന്നുമ്മലിന്റെ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. കാലാവധി തീരും വരെ യൂണിയന് പ്രവർത്തിക്കാം. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിർദേശിച്ചു. വിസിയുടെ നടപടി റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെ എസ്എഫ്‌ഐ മോഹനൻ കുന്നുമ്മലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി.

വിസിയുടെ ഉത്തരവിനെതിരെ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് വിസി മോഹനൻ കുന്നുമ്മലിന് കനത്ത തിരിച്ചടിയാണ്. ഫെബ്രുവരി 26 വരെ കാലാവധിയുള്ള യൂണിവേഴ്‌സിറ്റി യൂണിയൻ കഴിഞ്ഞ ദിവസമാണ് വിസി പിരിച്ചുവിട്ടത്. യൂണിവേഴ്‌സിറ്റി യൂണിയന്റെ കലോത്സവം ഉൾപ്പടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദ് ചെയ്തിരുന്നു.

വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തിയിരുന്നു.യൂണിവേഴ്‌സിറ്റി നടത്തേണ്ട പരിപാടികൾക്കുള്ള ഫണ്ട് അനുവദിക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വിസിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തതിന് പിന്നാലെ മോഹനൻ കുന്നുമ്മലിന്റെ വീട്ടിലേക്ക് എസ്എഫ്‌ഐ മാർച്ച് നടത്തി. വിസിക്കെതിരെ പോസ്റ്ററുകളും പ്രതിഷേധക്കാർ പതിച്ചു.

Similar Posts