< Back
Kerala
കേരള സർവകലാശാലയിൽ വിസി- രജിസ്ട്രാർ പോര് തുടരുന്നു; രജിസ്ട്രാർക്ക് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന് വിസി
Kerala

കേരള സർവകലാശാലയിൽ വിസി- രജിസ്ട്രാർ പോര് തുടരുന്നു; രജിസ്ട്രാർക്ക് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന് വിസി

Web Desk
|
24 July 2025 6:56 AM IST

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ ഗവർണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാൻസിലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിസി- രജിസ്ട്രാർ പോരിന് അയവില്ല. രജിസ്ട്രാർ ഡോ. കെ.എസ് അനിൽ കുമാറിന് സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകേണ്ടെന്ന് വിസി ഉത്തരവിട്ടു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തിൽ ഗവർണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാൻസിലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എങ്കിലും വി.സി വഴങ്ങിയിട്ടില്ല. തന്റെ നടപടി നിലനിൽക്കുന്നുണ്ടെന്ന ഉറച്ച നിലപാടിലാണ് വിസി മോഹനൻ കുന്നുമ്മൽ. അതിനാൽ സസ്പെൻഷൻ കാലയളവിലെ ശമ്പളം നൽകരുതെന്നാണ് വിസിയുടെ നിർദേശം.

സസ്പെൻഷൻ കാലയളവിൽ നിശ്ചിത തുക അലവൻസ് മാത്രമായിരിക്കും ലഭിക്കുക. രജിസ്ട്രാർ അനിൽകുമാർ സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദ് ചെയ്തത് ചൂണ്ടിക്കാട്ടി സർവകലാശാലയിൽ എത്തുന്നുണ്ട്. അതും നിയമവിരുദ്ധമാണെന്നാണ് വൈസ് ചാൻസിലറുടെ വാദം. സമവായത്തിനായി വിസി മുന്നോട്ടുവച്ച ഉപാധികൾ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അംഗീകരിച്ചിട്ടില്ല. സസ്പെൻഷൻ അംഗീകരിച്ച് രജിസ്ട്രാർ മാറിനിന്ന ശേഷം അപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നാണ് വിസിയുടെ ഉപാധി. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ച നടപടി പിൻവലിച്ച് സർക്കാർ ഗവർണറുമായി സമവായത്തിലേക്ക് നീങ്ങുമ്പോഴും കേരള സർവകലാശാലയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.

Similar Posts