< Back
Kerala
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗൺ ഇളവുകള്‍: കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി
Kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗൺ ഇളവുകള്‍: കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

Web Desk
|
17 Jun 2021 7:01 AM IST

രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നാലായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രങ്ങള്‍. പൊതുഗതാഗതം പുനരാരംഭിച്ചു. സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ ഒന്പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചതിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നാലായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രങ്ങള്‍. പൊതുഗതാഗതം പുനരാരംഭിച്ചു. സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ 9 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

ഒന്നര മാസത്തെ അടച്ചിടലിന് ശേഷമാണ് കേരളം തുറന്നത്. പ്രാദേശിക തലത്തിലുള്ള നിയന്ത്രങ്ങള്‍ ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തും. 20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ചു. വൈകിട്ട് 7 മണിവരെയാണ് സര്‍വീസ്. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു. സംസ്ഥാനത്ത് മദ്യവില്‍പ്പന ഇന്ന് പുനരാരംഭിക്കും.

ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്കോ, കണ്‍സ്യമര്‍ഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും വഴി രാവിലെ 9 മണി മുതല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതിയില്ല. ബെവ്കോ നിരക്കില്‍ ബാറുകളില്‍ നിന്നും മദ്യം ലഭ്യമാക്കും.സാമൂഹ്യഅകലം ഉറപ്പാക്കാന്‍ മദ്യശാലകളില്‍ പൊലീസ് പെട്രോളിങ് ഉണ്ടാകും. വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പാടുള്ളു. ആള്‍ക്കൂട്ടമോ പൊതു പരിപാടികളോ പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല.

ഹോം ഡെലിവറി ടേക്ക് എവേ തുടരും. തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരെ വെച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts