< Back
Kerala
ബഹിരാകാശത്തേക്ക് പോകാനും ഞാനൊരുക്കമാണ്; പ്രായത്തെ കാറ്റിൽ പറത്തി 70ാം വയസിൽ സ്‌കൈഡൈവിങ് ചെയ്ത് മലയാളി വനിത
Kerala

'ബഹിരാകാശത്തേക്ക് പോകാനും ഞാനൊരുക്കമാണ്'; പ്രായത്തെ കാറ്റിൽ പറത്തി 70ാം വയസിൽ സ്‌കൈഡൈവിങ് ചെയ്ത് മലയാളി വനിത

Web Desk
|
23 Sept 2025 6:29 PM IST

'സ്വപ്‌നം കാണാൻ പ്രായമൊരു തടസമല്ലല്ലോ, മനോധൈര്യവും വിശ്വാസവുമുണ്ടെങ്കിൽ ഇതൊക്കെ എളുപ്പമാണെന്നേ' ലീല പറയുന്നു

ഇടുക്കി: കുഞ്ഞുനാളുമുതലുള്ള ആഗ്രഹമാണ് പക്ഷികളെ പോലെ പറക്കണമെന്നത്. ആഗ്രഹം കേട്ടവരാരും മുഖവിലക്കെടുത്തില്ല, പലരും പുച്ഛിച്ചുതള്ളി. എന്നാൽ ലീലയ്ക്ക് അതൊരു ആഗ്രഹം മാത്രമായിരുന്നില്ല, അഭിലാഷമായിരുന്നു.

ഇടുക്കി കൊന്നത്തടി പുതിയപറമ്പിൽ ലീലാ ജോസ് ഒടുവിൽ തന്റെയാ സ്വപ്‌നം സാക്ഷാത്കരിച്ചു. ദുബൈയിൽ വെച്ച് 13,000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടുമ്പോൾ ഭയമൊട്ടും തോന്നിയില്ലെന്ന് ലീല പറയുന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് സ്‌കൈഡെവിങ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ലീല ജോസ് മാറി.

അടുത്തിടെ മകൻ അനീഷ് പി.ജോസിനെ കാണാനായി ദുബൈയിൽ എത്തിയപ്പോഴാണ് ലീല സ്‌കൈ ഡൈവിങ് നടത്തിയത്. ആദ്യം ആഗ്രഹം പറഞ്ഞപ്പോൾ മകൻ അത് കാര്യമായെടുത്തില്ലെങ്കിലും പിന്നീട് അമ്മക്ക് സർപ്രൈസായി മകൻ ഒരു സ്ലോട്ട് ബുക്ക് ചെയ്യുകയായിരുന്നു. സ്‌കൈ ഡെവിങ്ങിനായെത്തിയ ലീലയെ കണ്ട് ടീമും സ്തബ്ധരായി.

സ്‌കൈ ഡെവിങ്ങിനായി ചെറുവിമാനത്തിൽ ആകാശത്തേക്കുയർന്നപ്പോൾ ഹൃദയം വേഗത്തിലിടിച്ചു. പേടി കൊണ്ടല്ല, ആഗ്രഹ സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ, ആവേശത്തിമിർപ്പിൽ. ഒടുവിൽ മേഘങ്ങൾക്കിടയിലൂടെ പറന്നുപറന്ന്... അപ്പോഴും പേടി ഒട്ടും തോന്നിയില്ലെന്ന് ലീല പറയുന്നു. 6000 അടി പിന്നിട്ടപ്പോൾ കടല് കണ്ടു, പിന്നെ കര കണ്ടു.., അതിനുമൊടുവിൽ പാരച്യൂട്ട് വിടർന്നു.

'എങ്ങാനും വല്ലതും സംഭവിക്കുകയാണെങ്കിൽ ഞാൻ കടൽ നീന്തിക്കടക്കുമെന്ന് മനസിലുറപ്പിച്ചു, എനിക്ക് നന്നായി നീന്തലറിയാം' ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലീല പറഞ്ഞു. 'ചുറ്റിലും അതി മനോഹരമായ കാഴ്ചയായിരുന്നു, അതിനേക്കാൾ മനോഹരമാണ് എന്റെ അനുഭവം' എന്ന് ലീല കൂട്ടിച്ചേർത്തു.

സാഹസിക വിനോദങ്ങളെ എന്നും ഇഷ്ടപ്പെട്ടിരുന്ന ലീലയുടെ ആഗ്രഹങ്ങൾക്ക് ഭർത്താവ് പരേതനായ പി.ജെ ജോസ് എന്നും കൂട്ടുനിന്നിരുന്നു. നേരത്തെ വയനാട്ടിൽ വെച്ച് സിപ് ലൈനിലും, ഫുജൈറയിൽ വെച്ച് പാരാഗ്ലൈഡിങ്ങും ചെയ്തിട്ടുണ്ട് ലീല. ഇനിയങ്ങോട്ടുള്ള ജീവിതം ആസ്വദിച്ച് ആസ്വദിച്ചങ്ങ് തീർക്കണം, ബഹിരാകാശത്തേക്ക് പോകാനും ഞാൻ തയാറാണ്, സ്വപ്‌നം കാണാൻ പ്രായമൊരു തടസ്സമല്ലല്ലോ... ലീല പറയുന്നു.

Similar Posts