< Back
Kerala
ബ്രിട്ടനിലേക്ക് മടക്കമില്ല, ഇനി കേരളത്തിന്‍റെ മകൾ; ഇന്ത്യൻ പൗരത്വം സ്വീകരിച്ച് പെപിത സേത്
Kerala

ബ്രിട്ടനിലേക്ക് മടക്കമില്ല, ഇനി കേരളത്തിന്‍റെ മകൾ; ഇന്ത്യൻ പൗരത്വം സ്വീകരിച്ച് പെപിത സേത്

Web Desk
|
7 Feb 2026 12:10 PM IST

കേരളത്തിന്‍റെ കലയും സംസ്കാരവും ലോകത്തെ അറിയിച്ച പെപിതക്ക് രാജ്യം 2012 ഇൽ പത്മശ്രീ നൽകിയിരുന്നു

തൃശൂര്‍: ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയ പെപിത സേത്തിന് ഇന്ത്യൻ പൗരത്വം. തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യനിൽ നിന്നാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. കേരളത്തിന്‍റെ കലയും സംസ്കാരവും ലോകത്തെ അറിയിച്ച പെപിതക്ക് രാജ്യം 2012 ഇൽ പത്മശ്രീ നൽകിയിരുന്നു.

ആനയും പൂരവും കണ്ട് കൊതിതീരാത്ത പെപിത ഇനി ബ്രിട്ടനിലേക്ക് മടങ്ങില്ല. ഇന്ത്യൻ പൗരത്വം നേടാനുള്ള പെപിത സേതിന്‍റെ ആഗ്രഹം സഫലമായി. ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന മുത്തച്ഛന്‍റെ ഡയറിക്കുറിപ്പുകൾ വായിച്ചാണ് ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത 1970ൽ ഇന്ത്യ കാണാൻ എത്തിയത്. 27 വയസായിരുന്നു അന്ന് പ്രായം.

കേരളം ഇഷ്ടമായതോടെ ഇവിടെ താമസമാക്കി. 1981ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദു ആചാരപ്രകാരമുള്ള അനുമതി നേടിയെടുത്തു പെപിത. നിക്കോൺ ക്യാമറയിൽ അവർ അന്ന് പകർത്തിയ മതപ്പാടിൽ പനമ്പട്ടയും മണ്ണും വീശി എറിയുന്ന ഗുരുവായൂർ കേശവന്‍റെ അപൂർവ ചിത്രം ലോകശ്രദ്ധ നേടി. ഗുരുവായൂർ ക്ഷേത്രത്തെപ്പറ്റി പെപിത എഴുതിയ Heaven on earth എന്ന പുസ്തകം പ്രസിദ്ധമാണ്. ഗാന്ധി എന്ന പ്രസിദ്ധമായ ചിത്രത്തിൽ ജവഹർലാൽ നെഹ്രുവിന്‍റെ വേഷമിട്ട റോഷൻ സേത്തായിരുന്നു ജീവിതപങ്കാളി. പിന്നീട് സേത്തുമായി വേർപിരിഞ്ഞു.



Similar Posts