< Back
Kerala
കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Web Desk
|
31 Aug 2025 4:47 PM IST

ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

കോഴിക്കോട്: ആനയ്ക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്നതോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ പദ്ധതിയെ ഉറ്റുനോക്കുന്നത്.

നിലവിൽ കച്ചവട ആവശ്യങ്ങൾക്കും മറ്റും വയനാട്ടിലേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടണം. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടക്കണം.തുരങ്ക പാത യാഥാർഥ്യമായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിൻ്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും.

കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. കൊച്ചി - ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് - വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയും.

Similar Posts