
കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി: ചുണ്ടേൽ റുഖിയ വിടപറയുമ്പോൾ...
|വയനാട് ചുണ്ടേല്‍ അങ്ങാടിയില്‍ 1989ലാണ് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്. അന്ന് റുഖിയയ്ക്ക് പ്രായം 23.
ബത്തേരി: കേരളത്തിലെ ആദ്യ വനിതാ ഇറച്ചിവെട്ടുകാരിയെന്ന പേരുമായാണ് ചുണ്ടേല്‍ റുഖിയ, ലോകത്തോട് വിടപറയുന്നത്. പുരുഷാധിപത്യമുള്ള തൊഴില്‍മേഖലയില്‍ സാമൂഹിക ചുറ്റുപാടുകളെ വെട്ടിമാറ്റിയാണ് അവര്‍ പൊരുതിയത്. 30 വര്‍ഷത്തോളം ചുണ്ടേല്‍ ചന്തയില്‍ ജോലി ചെയ്തു. 66 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.
പിതാവ് മരിച്ചതോടെയാണ് റുഖിയ, പത്താം വയസ്സില്‍ കുടുംബ ഭാരം ഏറ്റെടുക്കുന്നത്. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെയാണ് ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുന്നത്.
2022ലെ വനിതാ ദിവത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് ആദരിച്ച 13 വനിതകളില്‍ ഒരാളായിരുന്നു റുഖിയ. വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ തൊഴില്‍ ഉപജീവനമാക്കിയ വനിതയെന്ന നിലയിലായിരുന്നു ആദരം.
ചുണ്ടേല്‍ അങ്ങാടിയില്‍ 1989ലാണ് ഷെഡ് കെട്ടി ബീഫ് സ്റ്റാള്‍ ആരംഭിച്ചത്. അന്ന് റുഖിയയ്ക്ക് പ്രായം 23. തുടക്കകാലത്ത് ഈ ജോലി ഒരു സ്ത്രീ ചെയ്യുന്നതില്‍ ഏറെ വെല്ലുവിളികളും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ദൃഢനിശ്ചയത്തോടെ ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു. ഈ കച്ചവടത്തിലൂടെ നാല് ഏക്കര്‍ കാപ്പിത്തോട്ടവും വാങ്ങിയ റുഖിയ ഒരു വീടും നിര്‍മിച്ചു. ഒപ്പം തന്റെ ആറ് സഹോദരിമാരുടെ വിവാഹവും നടത്തി.
പ്രായാധിക്യത്തെ തുടര്‍ന്നാണ് 2014ല്‍ അറവ് നിര്‍ത്തുന്നത്. പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റ് കച്ചവടങ്ങളിലും സജീവമായി തുടര്‍ന്നു. അവിവാഹിതയാണ് റുഖിയ.