< Back
Kerala
ലേബർ കോഡ് നടപ്പാക്കില്ലെന്ന് തന്നെയാണ് കേരളത്തിന്‍റെ നിലപാട്; മന്ത്രി വി.ശിവൻകുട്ടി
Kerala

ലേബർ കോഡ് നടപ്പാക്കില്ലെന്ന് തന്നെയാണ് കേരളത്തിന്‍റെ നിലപാട്; മന്ത്രി വി.ശിവൻകുട്ടി

Web Desk
|
27 Nov 2025 9:03 AM IST

പിഎം ശ്രീക്ക് സമാനമായ സംഭവമല്ല ഇതെന്നും കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കില്ലെന്ന് തന്നെയാണ് കേരളത്തിന്‍റെ നിലപാടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളം മാത്രമാണ് ലേബർ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാത്തത് . കേന്ദ്ര തൊഴിൽ മന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട് . പിഎം ശ്രീക്ക് സമാനമായ സംഭവമല്ല ഇതെന്നും കരട് തയ്യാറാക്കിയതിൽ രഹസ്യ സ്വഭാവമുണ്ടായിട്ടില്ല. പ്രതിപക്ഷത്തിന് ഇതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ ? ഒരു മുദ്രാവാക്യമെങ്കിലും പ്രതിപക്ഷം ഇതിനെതിരെ വിളിച്ചിട്ടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു.

അതേസമയം സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് 12 മണിക്ക് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഓൺലൈനായി ആണ് യോഗം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

കേന്ദ്ര സർക്കാർ പാസ്സാക്കിയ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. കോഡിൽ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചർച്ച ചെയ്യുന്നതും യോഗത്തിനുശേഷം തീരുമാനമാകും.

ഇടത് മുന്നണിയും ട്രേഡ് യൂണിയനുകളും അറിയാതെ ലേബർ കോഡുമായി ബന്ധപ്പെട്ട കരട് ചട്ടം സർക്കാർ തയ്യാറാക്കിയെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. എന്നാൽ കരട് തയ്യാറാക്കിയ സമയത്ത് ട്രേഡ് യൂണിയനുകളെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു എന്നാണ് ശിവൻകുട്ടിയുടെ വിശദീകരണം. കൂടിയാലോചനകൾ ഇല്ലാതെയാണ് ചട്ടം തയ്യാറാക്കിയതെന്നാണ് ട്രേഡ് യൂണിയൻ നേതാക്കളുടെ പ്രതികരണം.

Similar Posts