
പ്രതിഷേധം ശക്തമാക്കാൻ കെജിഎംസിടിഎ; മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം അഞ്ചാം ദിനവും തുടരും
|സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം
സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം അഞ്ചാം ദിവസവും തുടരുന്നു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ അനിശ്ചിത കാലത്തേക്ക് എല്ലാ പരീക്ഷ ജോലികളും ബഹിഷ്കരിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. അടിയന്തര ആരോഗ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെജിഎംസിടിഎയുമായി പല ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ ആക്ഷേപം. നിലവില്‍ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പണിമുടക്കിലോ സമരത്തിലോ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ കാലയളവില്‍ ഡയസ്‌നോണ്‍ നിര്‍ബന്ധമാക്കിയിരിക്കുയാണ്. എന്നാല്‍, ചിലരെങ്കിലും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം പണിമുടക്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അത്തരക്കാരുടെ പേരുവിവരങ്ങള്‍ കൃത്യമായി കൈമാറണമെന്നാണ് ജില്ലാ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തോടൊപ്പം ഇന്നലെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കെജിഎംസിടിഎ നിര്‍ത്തിവെച്ചിരുന്നു. ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരാണെന്നാണ് കെജിഎംസിടിഎ ആരോപണം. ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിയമതടസം ഇല്ലെന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി.