
കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്‍റെ നയത്തിന് വിരുദ്ധം
|2019 ജൂണിൽ തോമസ് ഐസക്ക് നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു
തിരുവനന്തപുരം: കിഫ്ബിയില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒന്നാം പിണറായി സര്‍ക്കാരിന്‍റെ നിലപാടിന് വിരുദ്ധം. ടോളോ യൂസര്‍ഫീയോ ഈടാക്കില്ലെന്നായിരുന്നു അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയില്‍ നല്‍കിയ ഉറപ്പ്. ഇതിനിടെ നിയമത്തിന്‍റെ കരട് തയ്യാറാക്കുന്നതിനായി സാധ്യത പഠനം തുടങ്ങി. വരുമാനത്തിനൊപ്പം കേന്ദ്രത്തിന് എതിരായ സുപ്രിം കോടതിയിലെ കേസും കൂടി ലക്ഷ്യമിട്ടാണ് ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം.
2019 ജൂണിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കിഫ്ബി പദ്ധതികളില്‍ നിന്ന് ടോളോ യൂസര്‍ ഫീയോ പിരിക്കില്ലെന്ന് വിശദീകരിച്ചത്. വര്‍ഷം അഞ്ച് കഴിഞ്ഞപ്പോള്‍ കേന്ദ്രം സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നയം മാറ്റം. എന്നാല്‍ ഇക്കാര്യത്തില്‍ മുന്നണിയില്‍ അഭിപ്രായം വിത്യാസമില്ലെന്ന നിലപാടിലാണ് എല്‍.ഡിഎഫ് കണ്‍വീനര്‍.
കിഫ്ബിയുടെ തിരിച്ചടവിനുള്ള വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമല്ലിതെന്നാണ് വിവരം. കിഫ്ബി പോലെ വായ്പയെടുക്കുന്ന ദേശീയ പാത അതോറിറ്റിക്ക് ടോള്‍ വരുമാനം ഉണ്ടെന്നാണ് സുപ്രിം കോടതിയിലെ കേസിലെ കേന്ദ്രവാദങ്ങളിലൊന്ന്. സമാനമായി ടോള്‍ വരുമാനം കിഫ്ബിയ്ക്കും ഉണ്ടെന്ന് സ്ഥാപിക്കാനാണ് നിയമനിര്‍മാണത്തിലൂടെയുള്ള ശ്രമം. ഇതിനിടയില്‍ എഐ കാമറയുമായി ബന്ധിപ്പിച്ച് ടോള്‍ ഈടാക്കുന്നതിനുള്ള സാധ്യത പഠനം അമ്പലപ്പുഴ- തിരുവല്ല പാതയില്‍ പുരോഗമിക്കുകയാണ്. കരട് ബില്ല് തയ്യാറാക്കാന്‍ കൂടിയാണ് കിഫ്ബിയുടെ സാധ്യത പഠനം.