< Back
Kerala
ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു; സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് കെ.ജെ ഷൈൻ
Kerala

'ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു'; സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് കെ.ജെ ഷൈൻ

Web Desk
|
19 Sept 2025 9:20 AM IST

കോൺഗ്രസ് സൈബർ ഹാൻഡിലുകളിലാണ് അപവാദ പ്രചാരണം ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കെ.ജെ ഷൈൻ പറഞ്ഞു

കൊച്ചി: സൈബർ ആക്രമണത്തിനെതിരെ നിയമപരമായി ഏതറ്റം വരെയും പോരാടുമെന്ന് സിപിഎം നേതാവ് കെ.ജെ ഷൈൻ. തനിക്കെതിരെ ബോംബ് വരുന്നുണ്ട് എന്ന് കോൺഗ്രസ് പ്രാദേശിക നേതാവായ സുഹൃത്ത് പറഞ്ഞിരുന്നുവെന്നും കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ ആണ് അപവാദ പ്രചാരണം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും ഷൈൻ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്നും ഷൈൻ വ്യക്തമാക്കി. അപവാദപ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കഥ പ്രചരിച്ചത് ഷൈൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എന്നാൽ തന്റെ പേരെടുത്ത് പറയാതെയായിരുന്നു പോസ്റ്റർ. അതുകൊണ്ട് പരാതി നൽകിയില്ല. എന്നാൽ, പിന്നീട് കടുത്ത സൈബർ ആക്രമണം ഉണ്ടായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും ഷൈൻ പറഞ്ഞു.

Similar Posts