< Back
Kerala
മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്റ്

കെ.ജയകുമാർ

Kerala

മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്റ്

Web Desk
|
8 Nov 2025 6:14 AM IST

ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത ഉണ്ടാകുമെന്ന് പ്രതികരിച്ചു.

മുൻ ചീഫ് സെക്രട്ടറിയായ കെ.ജയകുമാറിനെ ദേവസ്വം ബോർഡിന്റെ ചുമതല ഏൽപ്പിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് എടുത്തത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരും ആവശ്യപ്പെട്ടത് ഐഎസുകാരെ പ്രസിഡണ്ട് ആക്കി വെക്കണം എന്നതായിരുന്നു. അത്‌ കൂടി പരിഗണിച്ചാണ് ജയകുമാറിന്റെ പേരിലേക്ക് സിപിഎം എത്തിയത്. സ്വർണ്ണപ്പാളി വിഷയത്തിൽ നടക്കുന്ന അന്വേഷണം തുടരുമെങ്കിലും വിവാദങ്ങൾ മറികടക്കാൻ ജയകുമാറിലൂടെ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.

നാളെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് സൂചന. മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവിൽ ഐഎംജി ഡയറക്ടറുമാണ് ജയകുമാർ. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന് കാലാവധി നീട്ടി നൽകാൻ വിജ്ഞാപനമുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. പാർട്ടി നേതാക്കളെ ചുമതല ഏൽപ്പിച്ചാൽ വീണ്ടും വിവാദങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞാണ് ജയകുമാറിലേക്ക് സിപിഎം എത്തിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടക്കാം എന്നും ജയകുമാറിനെ തീരുമാനിച്ചതിനുപിന്നിലുണ്ട്.

അതേസമയം, ശബരിമല സ്വർണകൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും സുധീഷിനെയും അന്വേഷണസംഘം ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.എൻ വാസുവിനെയും എ പത്മകുമാറിനെയും ചോദ്യം ചെയ്യുക ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാകും. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കും. റിമാൻഡിലുള്ള മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം ഉടൻ അപേക്ഷ നൽകും. തിരുവാഭരണം കമ്മീഷണറുടെ ഇടപെടൽ അടിമുടി ദുരൂഹമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

Similar Posts