< Back
Kerala
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ലെന്ന് കെ.കെ രാഗേഷ്, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും
Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ലെന്ന് കെ.കെ രാഗേഷ്, 'ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും'

Web Desk
|
6 Feb 2026 4:48 PM IST

വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്. മാധ്യമങ്ങള്‍ ജനങ്ങളെയാകെ പ്രതിനിധീകരിക്കുന്നവരല്ല. വരവ് ചെലവ് കണക്കുകള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് അവതരിപ്പിക്കാറ്. പൊതുജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും കെ.കെ രാഗേഷ് പറഞ്ഞു. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

92 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാമര്‍ശം കുഞ്ഞികൃഷ്ണന്റെ ഭാവനാവിലാസം മാത്രമാണെന്ന് രാഗേഷ് പറഞ്ഞു. മാധ്യമങ്ങളോട് കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞത്. മാധ്യമങ്ങള്‍ ജനങ്ങളെയാകെ പ്രതിനിധീകരിക്കുന്നവരല്ല. പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടിയുമായി ബന്ധപ്പട്ട സഹകരണ ജീവനക്കാരില്‍ നിന്നുമാണ് ധനരാജ് രക്തസാക്ഷി ഫണ്ട് ശേഖരിച്ചത്. ബഹുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ചിട്ടില്ല. പാര്‍ട്ടി യോഗങ്ങളിലെല്ലാം ഇതിന്റെ കണക്ക് അവതരിപ്പിച്ചിട്ടുണ്ട്. വി.കുഞ്ഞികൃഷ്ണന്‍ തരം താണ രീതിയിലാണ് പുസ്തകം പ്രസിദ്ധീകരിക്കും മുന്‍പ് കണക്ക് പുറത്തു വിടണമെന്ന് പറഞ്ഞത്. എല്ലാ ബൂത്ത് കമ്മിറ്റികളിലും പാര്‍ട്ടിയുടെ അനുഭാവി യോഗം ചേരുന്നുണ്ട്. അതില്‍ അനുഭാവികളോട് കണക്ക് പറയും. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. കുടുംബ സംഗമങ്ങളിലും കണക്ക് അവതരിപ്പിക്കും. മാധ്യമങ്ങളോട് കണക്ക് പറയാനില്ല. ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും -അദ്ദേഹം പറഞ്ഞു.

രക്തസാക്ഷി ഫണ്ട് കുടുംബ സഹായത്തിന് മാത്രമായല്ല പിരിച്ചത്. കുടുംബസഹായം, വീട് വെച്ചുകൊടുക്കല്‍, കേസ് നടത്തല്‍ എന്നിവയ്ക്ക് വേണ്ടിയാണ്. കുടുംബസഹായം, വീട് വെച്ചുകൊടുക്കല്‍ എന്നിവ നടത്തി. ബാക്കി തുക കേസ് നടത്താന്‍ ഏരിയ കമ്മിറ്റിക്ക് കൊടുത്തിട്ടുണ്ട്. അങ്ങനെ കയ്യിലുള്ള തുക തല്‍ക്കാലം ഓഫീസ് നിര്‍മാണത്തിനോ മറ്റൊരു കേസിനോ ഉപയോഗിച്ചിട്ടുണ്ടാകും. ഇത് വകമാറി ചെലവഴിക്കലല്ല. കുഞ്ഞികൃഷ്ണന്‍ അങ്ങനെയാണ് പറയുന്നത്. കേസ് നടന്നുകഴിയട്ടെ. ഏരിയ കമ്മിറ്റിയാണ് കേസ് നടത്തുന്നത്. കേസ് കഴിഞ്ഞ് തുക ബാക്കിയാകുകയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കും -രാഗേഷ് പറഞ്ഞു.

സിപിഎം വിരുദ്ധരുടെ ഒത്തുചേരലാണ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നടന്നതെന്നും രാഗേഷ് വിമര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം ടി.ഐ മദുസൂദനനോടുള്ള പക മൂത്ത് അന്ധത ബാധിച്ച രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്. ജോസഫ് സി. മാത്യു മുതല്‍ ആര്‍എംപിക്കാര്‍ അടക്കമുള്ള പാര്‍ട്ടി വിരുദ്ധരുടെ പരിപാടി ആയിരുന്നു പയ്യന്നൂരില്‍ നടന്നത്. ജോസഫ് സി. മാത്യുവിന്റെ ഉപദേശം സിപിഎമ്മിന് വേണ്ടെന്നും രാഗേഷ് പറഞ്ഞു.

Similar Posts