
'എല്ലാം നേരത്തെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്'; സിഎജി റിപ്പോർട്ടിൽ പ്രതികരിച്ച് കെ.കെ ശൈലജ
|കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്.
തിരുവനന്തപുരം: പിപിഇ കിറ്റ് വാങ്ങിയതിൽ അധികമായി പണം ചെലവഴിച്ചെന്ന സിഎജി റിപ്പോർട്ടിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയാണ് സർക്കാരിനായി നിലപാട് പറഞ്ഞത്. കോവിഡ് കാലത്ത് പിപിഇ കിറ്റിന് നല്ല ക്ഷാമമുണ്ടായിരുന്നു. അന്ന് കുറച്ച് കിറ്റുകൾ കൂടുതൽ പണം നൽകി വാങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് കിറ്റ് വാങ്ങിയതിലാണ് കുറച്ച് അധികം പണം ചെലവായത്. കോവിഡ് കാലത്തെ സാഹചര്യം ജനങ്ങൾക്ക് ഓർമയുണ്ടാകുമെന്നും ശൈലജ പറഞ്ഞു.
കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്. പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകിയാണ് കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2020 മാർച്ച് 28ന് 550 രൂപക്ക് പിപിഇ കിറ്റ് വാങ്ങി. മാർച്ച് 30ന് 1550 രൂപക്ക് മറ്റൊരു കമ്പനിയിൽനിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ള പിപിഇ കിറ്റിന്റെ വില 1000 രൂപയാണ് വർധിച്ചത്. കുറഞ്ഞ വിലക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് മുൻകൂറായി പണം നൽകിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.