< Back
Kerala
ഭയപ്പെട്ട് പിൻമാറില്ല; രാഷ്ട്രീയ പകപോക്കൽ നിയമപരമായി നേരിടും: കെ.എം ഷാജി
Kerala

ഭയപ്പെട്ട് പിൻമാറില്ല; രാഷ്ട്രീയ പകപോക്കൽ നിയമപരമായി നേരിടും: കെ.എം ഷാജി

Web Desk
|
12 April 2022 9:42 PM IST

നിയമത്തെയും നീതിയെയും കുഴിച്ചുമൂടി കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ പരസ്പര സഹകരണത്തോടെ ഭരണക്കാരുടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. അനീതിക്കെതിരായ പോരാട്ടത്തിൽനിന്ന് ഭയപ്പെട്ട് പിൻമാറുകയോ നിലപാടുകളിൽ വെള്ളം ചേർക്കുകയോ ഇല്ല.

കോഴിക്കോട്: സിപിഎം കേന്ദ്ര ഏജൻസിയെ കൂട്ടുപിടിച്ച് നടത്തുന്ന വേട്ടയെ നിയമപരമായി നേരിട്ട് ചെറുത്തു തോൽപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പിണറായി വിജയന്റെ വിജിലൻസ് അന്വേഷണം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ട് തളളിയ പരാതി വീണ്ടും പൊടിതട്ടിയെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റിന് കൈമാറിയത് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്. സ്വത്ത് കണ്ടുകെട്ടൽ ശ്രമം നടത്തിയവർക്ക് നിരാശരാകേണ്ടിവരും.

സംഘപരിവാർ രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കേന്ദ്ര ഏജൻസികളെയും ഇ.ഡിയെയും ആയുധമാക്കുന്നുവെന്നു നാഴികക്ക് നാൽപതു വട്ടം വിളിച്ചു പറയുന്ന സിപിഎം തന്നെ അതേ ഏജൻസിയെ കൂട്ടുപിടിച്ച് പകപോക്കുകയാണ്. പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ അഴീക്കോട് സ്‌കൂൾ മാനേജ്മെന്റിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയിക്കാനാവാതെ വന്നതോടെ കോഴിക്കോട്ട് വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയ വീടിന്റെ പേരിൽ പുകമറ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണ് നടന്നത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള പി.ഡബ്ല്യു.ഡി 1.90 കോടി രൂപ വീടിന് കണക്കാക്കി അതിൽ 25 ലക്ഷം കണക്കിൽ പെടാത്തതുണ്ടെന്ന് വരുത്തിത്തീർക്കുകയായിരുന്നു.

നിയമത്തെയും നീതിയെയും കുഴിച്ചുമൂടി കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ പരസ്പര സഹകരണത്തോടെ ഭരണക്കാരുടെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. അനീതിക്കെതിരായ പോരാട്ടത്തിൽനിന്ന് ഭയപ്പെട്ട് പിൻമാറുകയോ നിലപാടുകളിൽ വെള്ളം ചേർക്കുകയോ ഇല്ല. കൈക്കൂലി വാങ്ങുകയോ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയോ ചെയ്തിട്ടില്ലെന്ന് കൃത്യമായ ബോധമുള്ളതിനാൽ നിയമപരമായി മുന്നോട്ടു പോകും. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും കെ.എം ഷാജി വ്യക്തമാക്കി.

കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള സ്വത്തുക്കളാണ് ഇന്ന് ഇ.ഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. അഴീക്കോട് മണ്ഡലത്തിലുള്ള ഷാജിയുടെ വീടും സ്വത്തുക്കളുമാണ് ഇ.ഡി കണ്ടുകെട്ടിയത്.

Related Tags :
Similar Posts